തിരുവനന്തപുരം: രാജ്യത്ത് ആദ്യം മങ്കിപോക്സ് സ്ഥിരീകരിച്ച വ്യക്തി സുഖം പ്രാപിച്ച് ആശുപത്രി വിട്ടു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. ജൂലൈ 12ന് യുഎഇയില്‍ നിന്നും യുവാവിന് ജൂലൈ 14നാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്.
രോഗം മാറിയെന്ന് പ്രാഥമികമായി രണ്ട് ദിവസം മുമ്പ് സ്ഥിരീകരിച്ചിട്ടും ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ (നാഷണല്‍ ഇൻസിറ്റിറ്റ്യൂട്ട് ഓഫ് വൈറോളജി) നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തിയിരുന്നു. രോഗിയുടെ എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനായിട്ടുണ്ട്. രോഗിയുടെ ത്വക്കിലെ തടിപ്പുകളും പൂര്‍ണമായി ഭേദമായി. തുടര്‍ന്നാണ് രോഗിക്ക് ആശുപത്രി വിടാമെന്ന തീരുമാനത്തില്‍ ഡോക്‌ടര്‍മാര്‍ എത്തിയത്. ഇയാളുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്.
സംസ്ഥാനത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു.