തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാരിന് ഒഴിഞ്ഞുമാറാൻ കഴിയില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനങ്ങൾക്ക് പണം നൽകാതിരിക്കുകയും ഒന്നും ചെയ്യാൻ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്യുന്നു. ഇത് നീതീകരിക്കാനാവില്ല. ചെറുകിട വ്യാപാര വ്യവസായ മേഖലക്ക് പ്രത്യേക പാക്കേജ് അനിവാര്യമാണെന്നും ധനമന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് തൊഴിലാളികൾക്ക് തുക മുൻകൂറായി നൽകാൻ കേന്ദ്രം തയ്യാറാകണം. ലോക്‌ഡൗണിലെ പുതിയ മാർഗനിർദേശങ്ങൾ മാർച്ച് 24 മുതൽ പല ഘട്ടങ്ങളായി ഇറങ്ങിയ നിർദേശങ്ങളുടെ ഏകീകരണ രൂപമാത്രമാണ്. കാർഷികമേഖലയിലെ ഇളവ് മാത്രമാണ് പുതിയതായി കൂട്ടിച്ചേര്‍ത്തത്. ഈ മാർഗനിർദേശങ്ങള്‍ അനുസരിച്ച് മാത്രമേ സംസ്ഥാനം പ്രവർത്തിക്കൂ. സംസ്ഥാനത്ത് അനുവദിച്ച ഇളവുകളുടെ കാര്യത്തിൽ നാളത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. ഇളവുകൾ അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകണം. ഇക്കാര്യം കേന്ദ്രവുമായി സംസ്ഥാന സർക്കാർ ചർച്ച ചെയ്യും. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളും മന്ത്രിസഭാ യോഗം പുനർനിർണയിക്കും.
സാലറി ചലഞ്ച് നിർബന്ധിച്ചു നടപ്പാക്കാനാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ വരുമാനം പൂജ്യമാണ് അത് മനസിലാക്കി ജീവനക്കാർ മുന്നോട്ട് വരണം. സംസ്ഥാനത്തെ മദ്യവിൽപനശാലകളുടെ നിയന്ത്രണം തുടർന്നാൽ വ്യാജവാറ്റ് ശക്തമാകും. അതിന്‍റെ പ്രത്യാഘാതങ്ങളും വലുതായിരിക്കും. ഈ അപകടം കാണാതിരുന്നുകൂടായെന്നും ധനമന്ത്രി വ്യക്തമാക്കി.