തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വെട്ടിക്കുറച്ച എംഎല്‍എ ആസ്‌തി വികസന ഫണ്ട് അഞ്ച് കോടി രൂപയാക്കി വീണ്ടും ഉയര്‍ത്തുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്. കൊവിഡ് ലോക്ക്‌ഡൗണും സാമ്പത്തിക പ്രതിസന്ധിയും കാരണമാണ് എംഎല്‍എമാരുടെ പ്രാദേശിക വികസന ഫണ്ട് അഞ്ച് കോടിയില്‍ നിന്ന് 2 കോടിയാക്കി കുറച്ചത്.
ക്ഷേമ പെന്‍ഷനുകള്‍ വര്‍ഷം തോറും 100 രൂപ വര്‍ധിപ്പിക്കുമെന്ന എല്‍ഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് വാഗ്‌ദാനം പാലിക്കുമെന്നും മന്ത്രി പറഞ്ഞു. ഇപ്പോള്‍ വര്‍ധിപ്പിക്കുന്നതിന് സാമ്പത്തിക പരിമിതിയുണ്ട്. 100 രൂപ വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിന്‍റെ ബാധ്യത 1,000 കോടി രൂപ വരും. ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഹരിത നികുതിയില്‍ നിന്ന് ഓട്ടോ റിക്ഷകളെ ഒഴിവാക്കി.
കേരളത്തിലെ 44 നദികളുടെയും സംരക്ഷണത്തിന് ബജറ്റില്‍ പ്രഖ്യാപിച്ച തുകയ്ക്കു പുറമേ 10 കോടി കൂടി നീക്കി വയ്ക്കും. ലോക സമാധാനത്തിന് വേണ്ടി സമ്മേളനം വിളിയ്ക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ പ്രതിപക്ഷം വിലകുറച്ച് കാണരുത്. ലോക വിഷയങ്ങളില്‍ ഇടപെട്ടിട്ടുള്ളതാണ് നമ്മുടെ പാരമ്പര്യം. പ്രതിപക്ഷം അതു മറന്നു പോകുകയാണ്. പട്ടയങ്ങള്‍ ഡിജിറ്റലാക്കുന്നതിന് 10 കോടി വകയിരുത്തിയതായും മന്ത്രി നിയമസഭയെ അറിയിച്ചു.