തിരുവനന്തപുരം : കൊവിഡ് 19 ജാഗ്രതയിൽ ക്ഷേത്രോത്സവങ്ങൾ ചടങ്ങ് മാത്രമായി ചുരുക്കിയതോടെ സംസ്ഥാനത്തെ ഗാനമേള കലാകാരന്മാർ കടുത്ത പ്രതിസന്ധിയിലായി. ഉത്സവപ്പറമ്പുകളിലെ പരിപാടികൾ റദ്ദായതോടെ പലരുടെയും ഉപജീവനത്തിനുള്ള വഴിയടഞ്ഞു. സർക്കാർ തങ്ങളെ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ലെന്ന പരാതിയും ഇവർ ഉന്നയിക്കുന്നു.
ഓണക്കാലത്തെ പത്തു ദിവസം, ജനുവരി മുതൽ ഏപ്രിൽ വരെ നീളുന്ന ഉത്സവ കാലം. തുടർച്ചയായി പരിപാടിയുള്ള ഈ സമയത്താണ് ഗാനമേള കലാകാരന്മാർ ജീവിക്കാനുള്ള പണം സമ്പാദിക്കുന്നത്. മികച്ച വരുമാനം ലഭിക്കേണ്ട ഒരു സീസൺ കൊവിഡ് കൊണ്ടുപോയതോടെ കലാകാരന്മാരുടെ കുടുംബങ്ങൾ പട്ടിണിയിലേക്ക് നീങ്ങുകയാണ്. സർക്കാർ പ്രഖ്യാപിച്ച 20000 കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജിലും സ്റ്റേജ് കലാകാരന്മാർക്ക് ആശ്വസിക്കാൻ ഒന്നുമില്ല. തുടർച്ചയായ രണ്ട് പ്രളയങ്ങളിൽ നിരവധി പരിപാടികൾ റദ്ദായി. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറി വരുമ്പോഴാണ് കൊവിഡിന്‍റെ വരവ്. ഓണത്തിനു മുമ്പ് എല്ലാം ശുഭമാകുമെന്ന പ്രതീക്ഷയിലാണ് ഈ കലാകാരന്മാർ.