തിരുവനന്തപുരം: നിർമാണ മേഖലയ്ക്ക് ലോക്ക് ഡൗണിൽ ഇളവ് ലഭിച്ചെങ്കിലും അനുബന്ധ തൊഴിൽ മേഖലകളിൽ പലതും പ്രതിസന്ധിയിൽ. കെട്ടിട നിർമാണത്തോടനുബന്ധിച്ച് ചെയ്യുന്ന ഫാബ്രിക്കേഷൻ ജോലികൾ പൂർണമായി നിലച്ച മട്ടാണ്. ലോക്ക് ഡൗണിനു മുമ്പ് ഏറ്റെടുത്ത ജോലികൾ പൂർത്തിയാക്കിയാൽ പുതിയ വർക്കുകൾ ഒന്നും ലഭിക്കില്ലെന്ന ആശങ്കയിലാണ് ഈ മേഖലയിലെ തൊഴിലാളികൾ . വലിയ കരാറുകൾ ഏറ്റെടുത്ത് നടത്തുന്നവരെക്കാൾ ലോക്ക് ഡൗൺ ബാധിച്ചത് ഇടത്തരക്കാരെയാണ്. നിർമാണത്തിനുപയോഗിക്കുന്ന അലൂമിനിയം, പി.വി.സി വസ്തുക്കൾക്ക് ലോക്ക് ഡൗണിന് ശേഷം വില ഉയർന്നതും തിരിച്ചടിയായി.
അസംഘടിത മേഖലയിൽ തൊഴിലെടുക്കുന്ന ഇവരിൽ ഭൂരിഭാഗം പേരും ക്ഷേമപദ്ധതികൾക്ക് പുറത്താണ്. ലോക്ക് ഡൗണിന് മുമ്പ് തമിഴ്നാടിലെ നാഗർകോവിൽ, മാർത്താണ്ഡം, തുടങ്ങിയ സ്ഥലങ്ങളിൽ കരാറെടുത്തവർക്ക് അതിർത്തി കടക്കാൻ നിർവാഹമില്ലാതായതോടെ കരാർ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്. സർക്കാരിന്‍റെ ശ്രദ്ധ പതിഞ്ഞാൽ മാത്രമേ ഇവർക്ക് മുന്നോട്ടു പോകാനാകൂവെന്നും തൊഴിലാളികൾ വ്യക്തമാക്കുന്നു.