തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗക്കാര്‍ക്ക് മാത്രമായുള്ള തൊഴില്‍ ദിനങ്ങളിലെ അട്ടിമറിയില്‍ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. തൊഴിലുറപ്പുമായി ബന്ധപ്പെട്ട വെബ് സൈറ്റില്‍ ജോബ് കാര്‍ഡ് രജിസ്‌ട്രേഷനില്‍ ജാതി/വിഭാഗം എഡിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ മരവിപ്പിച്ചു. ഇതിന് പുറമെ എസ്‌ടി വിഭാഗത്തില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെ നീക്കം ചെയ്‌ത് ക്രമപ്പെടുത്തിയതായി സംസ്ഥാന മിഷനില്‍ നിന്നും രേഖാമൂലം അറിയിപ്പ് വാങ്ങി.
കര്‍ശന നിര്‍ദേശവുമായി കേന്ദ്രം
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് മാത്രമായി 100 ദിവസത്തിലകം തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിയ കേരള ട്രൈബല്‍ പ്ലസ് പദ്ധതിയില്‍ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് കരാര്‍ ജീവനക്കാര്‍ കൃതൃമം കാട്ടി ഈ തൊഴില്‍ ദിനങ്ങള്‍ പട്ടിക വര്‍ഗക്കാരല്ലാത്ത മറ്റു വിഭാഗങ്ങള്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരുന്ന വന്‍ തിരിമറി ഇടിവി ഭാതത് പുറത്തുവിട്ടിരുന്നു.

പുതിയ നിര്‍ദേശ പ്രകാരം കേരള ട്രൈബല്‍ പ്ലസിന് വേണ്ടി മാത്രം മിഷന്‍ ഡയറക്‌ടര്‍ ഒരു പ്രത്യേക ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും ഈ അക്കൗണ്ട് വിവരം കേന്ദ്ര സര്‍ക്കാരിനെ അറിയിയ്ക്കണമെന്നും ഈ അക്കൗണ്ടില്‍ നിന്നും ഡിജിറ്റല്‍ ഇടപാട് മുഖേന മാത്രമേ തൊഴിലാളികള്‍ക്ക് ഫണ്ട് ട്രാന്‍സ്‌ഫര്‍ ചെയ്യാവൂ എന്നും കര്‍ശന നിര്‍ദേശമുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന മിഷന്‍ എല്ലാ ജില്ലയിലെയും ജെപിസിമാര്‍ക്ക് (ജില്ല പ്രോഗ്രാം കോര്‍ഡിനേറ്റര്‍) അയച്ച കത്തിന്‍റെ പകര്‍പ്പും ഇടിവിയ്ക്ക് ലഭിച്ചു. ട്രൈബല്‍ പ്ലസ് ആനുകൂല്യം മറ്റാര്‍ക്കെങ്കിലും ലഭ്യമാക്കിയാല്‍ കര്‍ശന നടപടികള്‍ സ്വീകരിയ്ക്കുമെന്നും കത്തില്‍ പറയുന്നു.

ജീവനക്കാര്‍ക്കെതിരെ നടപടിയില്ല
അതേസമയം, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തില്‍ ക്രമക്കേടുകള്‍ നടത്തി പട്ടികവര്‍ഗ ഫണ്ടിലെ കോടികള്‍ അനര്‍ഹര്‍ക്ക് നല്‍കിയ ജീവനക്കാര്‍ക്കെതിരെ യാതൊരു നടപടികളും നാളിതുവരെ കൈക്കൊണ്ടിട്ടില്ല. അനര്‍ഹര്‍ക്ക് നല്‍കിയ തുക മുഴുവന്‍ അതാതു തൊഴിലാളികളില്‍ നിന്നും തിരിച്ച് പിടിച്ച് സര്‍ക്കാരിലേക്ക് ഒടുക്കിയെന്നാണ് മിഷന്‍ വിവരാവകാശ നിയമ പ്രകാരം മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ പേരിന് മാത്രം കുറച്ചു തുകയാണ് ഇപ്രകാരം തിരിച്ച് ഈടാക്കിയത്.
തൊഴിലാളികളിലാരും തന്നെ 100 ദിവസത്തിലധികം തൊഴില്‍ ആവശ്യപ്പെട്ടവരല്ല. അങ്ങനെ ആവശ്യപ്പെട്ടാല്‍ ആ അപേക്ഷ അക്കാരണത്താല്‍ തന്നെ നിരസിയ്ക്കപ്പെടും. ഒരപേക്ഷയുമില്ലാതെ തൊഴിലുറപ്പ് വിഭാഗത്തിലെ കരാര്‍ ജീവനക്കാര്‍ നല്‍കിയ തൊഴില്‍ ദാനമായിരുന്നു ഈ തട്ടിപ്പ്. മൂന്ന് വര്‍ഷങ്ങളായി നടന്ന തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി തങ്ങളുടെ ഫണ്ട് തിരിമറി നടത്താന്‍ സാഹചര്യമുണ്ടാക്കിയ ജീവനക്കാരുടെ മേല്‍ നടപടി വേണമെന്നാണ് പട്ടികവര്‍ഗ വിഭാഗക്കാരുടെ ആവശ്യം.