തിരുവനന്തപുരം: ഇടതു മുന്നണിയിലേക്ക് മുസ്‌ലിം ലീഗിനെ ക്ഷണിക്കുന്ന തരത്തില്‍ പ്രസ്‌താവന നടത്തിയതിന് ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി ജയരാജന് വിമര്‍ശനം. ഇന്ന് ചേര്‍ന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇ.പിക്ക് നേരെ വിമര്‍ശനമുയര്‍ന്നത്. മുന്നണി കണ്‍വീനറായി തെരഞ്ഞെടുത്തതിനു പിന്നലെയാണ് മുസ്‌ലിം ലീഗ് യുഡിഎഫ് വിട്ട് വന്നാല്‍ ഇടത് മുന്നണിയില്‍ എടുക്കുന്നത് ആലോചിക്കുമെന്ന് ഇപി ജയരാജൻ പ്രസ്‌താവന നടത്തിയത്.
പി.കെ കുഞ്ഞാലിക്കുട്ടിയെ പൊളിറ്റിക്കള്‍ കിംഗ് മേക്കര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതിനെതിരെയാണ് സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനമുയര്‍ന്നത്. ഇ.പിയുടെ പ്രസ്‌താവന അനവസരത്തിലാണെന്നും പ്രസ്‌താവനകളില്‍ ശ്രദ്ധ വേണമെന്നും സെക്രട്ടേറ്റിയറ്റ് യോഗം നിര്‍ദ്ദേശിച്ചു.
നിലവില്‍ മുന്നണി വിപുലീകരണം സംബന്ധിച്ച് ആലോചിക്കുന്നില്ല. പാര്‍ട്ടികളെയല്ല യുഡിഎഫിന്റെ അണികളെ ഇടത് മുന്നണിയുടെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്നും പ്രവര്‍ത്തനം അത്തരത്തില്‍ വേണമെന്നും സെക്രട്ടേറിയറ്റ് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ മുസ്‌ലിം ലീഗിനെ ക്ഷണിച്ചിട്ടില്ലെന്നും യുഡിഎഫ് ദുര്‍ബലപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയതാണെന്നും ഇപി ജയരാജന്‍ വിശദീകരണം നല്‍കി.