തിരുവനന്തപുരം : Omicron Kerala: സംസ്ഥാനത്ത് 8 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. തിരുവനന്തപുരം 1, കൊല്ലം 1, ആലപ്പുഴ 2, എറണാകുളം 2, തൃശൂര്‍ 2 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. റഷ്യയില്‍ നിന്നും ഡിസംബര്‍ 22-ന് തിരുവനന്തപുരം എയര്‍പോര്‍ട്ടിലെത്തിയ വിദേശി (48), 16-ന് നമീബിയയില്‍ നിന്നും എറണാകുളത്തെത്തിയ കൊല്ലം സ്വദേശി (40), 17-ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശിനി (28), 11-ന് ഖത്തറില്‍ നിന്നും എറണാകുളത്തെത്തിയ ആലപ്പുഴ സ്വദേശി (40), യുകെയില്‍ നിന്ന് 18-ന് എറണാകുളത്തെത്തിയ മൂന്ന് വയസുകാരി, യുഎഇയില്‍ നിന്നും 18-ന് എത്തിയ എറണാകുളം സ്വദേശി (25), കെനിയയില്‍ നിന്നും 13-ന് എറണാകുളത്തെത്തിയ തൃശൂര്‍ സ്വദേശി (48), പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള തൃശൂര്‍ സ്വദേശിനി (71) എന്നിവര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ സംസ്ഥാനത്ത് ആകെ 37 പേര്‍ക്കാണ് ഒമിക്രോണ്‍ തിരിച്ചറിഞ്ഞത്. യുകെയില്‍ നിന്നും മാതാപിതാക്കളോടൊപ്പം എത്തിയതാണ് മൂന്ന് വയസുകാരി. എയര്‍പോര്‍ട്ടിലെ കൊവിഡ് പരിശോധനയില്‍ മാതാപിതാക്കള്‍ നെഗറ്റീവായിരുന്നു. ഹോം ക്വാറന്‍റൈനിലായിരുന്നു ഇവര്‍.
കുട്ടിക്ക് പനിയും മറ്റ് ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയില്‍ അയച്ച ഇവരുടെ സാമ്പിളുകളിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി വരുന്നു.
First Patient Recovered : സംസ്ഥാനത്ത് ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌ത ഒമിക്രോണ്‍ പോസിറ്റീവായ യുകെയില്‍ നിന്നും വന്ന എറണാകുളം സ്വദേശിയെ (39) ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ് ചെയ്‌തു. തുടര്‍ പരിശോധനയില്‍ നെഗറ്റീവായിരുന്നു.