തിരുവനന്തപുരം: ബുധനാഴ്‌ച ആരംഭിക്കുന്ന സ്‌കൂളുകളിലെ വാക്‌സിനേഷന് അടിസ്ഥാന സൗകര്യങ്ങൾ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 500ൽ കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന 967 കേന്ദ്രങ്ങളാണ് സജ്ജമാക്കുക. 8.14 ലക്ഷം വിദ്യാർഥികൾക്കാണ് വാക്‌സിൻ നൽകേണ്ടത്.
15 - 18 വരെ പ്രായമുള്ള 500ന് താഴെ വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് ആരോഗ്യ വകുപ്പ് നേരത്തെ നിശ്ചയിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ തുടരാം. വാക്‌സിനേഷൻ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന സ്‌കൂളുകളിൽ 18ന് പിടിഎ യോഗം ചേരും. രക്ഷിതാക്കളുടെ അനുവാദത്തോടെ മാത്രമേ കുട്ടികൾക്ക് വാക്‌സിൻ നൽകൂ. ഭിന്നശേഷി വിദ്യാർഥികളുടെ വാക്‌സിനേഷന് ഡോക്‌ടർമാരുടെ സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ 21 മുതൽ ഓൺലൈൻ ക്ലാസ് ആരംഭിക്കും. അധ്യാപകർ സ്‌കൂളുകളിൽ എത്തണം. പുതുക്കിയ ടൈംടേബിൾ കൈറ്റ് വിക്ടേഴ്‌സ് പ്രസിദ്ധീകരിക്കും. ഓഫ്‌ലൈനായി വിദ്യാർഥികൾ പഠിക്കുന്ന 9 മുതൽ 12 വരെ ക്ലാസുകളിൽ സ്‌കൂൾ തുറന്നപ്പോൾ പ്രസിദ്ധീകരിച്ച മാർഗരേഖ പ്രകാരം ഉള്ള കാര്യങ്ങൾ കൃത്യമായി നടപ്പാക്കണം.
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്ക് പരീക്ഷയ്ക്ക് മുൻപ് വാക്‌സിനേഷൻ പൂർത്തിയാക്കും. വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ ക്രമീകരണങ്ങൾ ചർച്ച ചെയ്‌ത ശേഷമാണ് മന്ത്രി വി ശിവൻകുട്ടി കാര്യങ്ങൾ വിശദീകരിച്ചത്.
Also read: ഒരു അമ്മയല്ലേ ഞാൻ, പൊലീസേ, സര്‍ക്കാരേ നിങ്ങളെന്ത് ചെയ്തു: അമ്മക്കണ്ണുനീരില്‍ നൊന്ത് കേരളം