തിരുവനന്തപുരം : വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ ഇന്ന് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തും. ദേവസഹായത്തിന്‍റെ നാമധേയത്തിലുള്ള ചാവല്ലൂർപൊറ്റ പള്ളിയിലേക്ക് വിശ്വാസികളുടെ ഒഴുക്കാണ്. വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് ഒരാഴ്‌ചയോളം നീണ്ടുനിൽക്കുന്ന പ്രൗഢ ഗംഭീരമായ ആഘോഷ പരിപാടികളാണ് ഇടവക വിശ്വാസികളും തീർഥാടകരും ചേർന്ന് ദേവാലയത്തില്‍ ഒരുക്കിയിരിക്കുന്നത്.
ദേവസഹായത്തിന്‍റെ നാമധേയത്തില്‍ ആദ്യമായി സ്ഥാപിതമായ പള്ളിയാണ് ചാവല്ലൂർ പൊറ്റ ദേവസഹായം ദേവാലയം. 2014ലാണ് സംസ്ഥാന അതിർത്തിയിലെ ചാവല്ലൂർപൊറ്റയിൽ പള്ളി സ്ഥാപിച്ചത്. നെയ്യാറ്റിൻകര രൂപതയുടെ കീഴിലാണ് പള്ളി പ്രവർത്തിക്കുന്നത്.
1712 ഏപ്രിൽ 23ന് കന്യാകുമാരി ജില്ലയിലെ മാർത്താണ്ഡത്തിന് സമീപം നട്ടാലത്ത് ജനിച്ച നീലകണ്‌ഠ പിള്ളയാണ് പിൽക്കാലത്ത് ക്രിസ്‌തുമതം സ്വീകരിച്ച് ദേവസഹായം പിള്ളയായി മാറിയത്. ഹിന്ദുമതത്തിലേക്ക് തിരികെ പരിവർത്തനം ചെയ്യപ്പെടാൻ വിസമ്മതിച്ചതിന് ദേവസഹായം പിള്ളയെ 1752 ജനുവരി 14ന് ഇന്നത്തെ കന്യാകുമാരി ജില്ലയിലെ ആറൽവായ്‌മൊഴിയിലെ കാറ്റാടിമലയിൽ വച്ച് രാജകല്‍പന പ്രകാരം വധിച്ചുവെന്നാണ് കരുതുന്നത്.