തിരുവനന്തപുരം : കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. ദേശാഭിമാനി ചിറയിന്‍കീഴ് ലേഖകന്‍ ഷിബു മോഹന്‍ ആണ് മരിച്ചത്. 46 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. മറ്റ് അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ രോഗം മൂർച്ഛിക്കുകയായിരുന്നു. ഇന്നലെ രാത്രി 12.30 ഓടെ മരണം സംഭവിച്ചു.
കഴിഞ്ഞ മൂന്നാം തിയ്യതിയാണ് ഷിബു മോഹനെ മെച്ചപ്പെട്ട ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുന്നത്. ആശുപത്രിയിലെ മൾട്ടി സ്പെഷ്യാലിറ്റി വിഭാഗത്തില്‍ വെൻ്റിലേറ്ററിന്‍റെ സഹായത്തോടെയായിരുന്നു ചികിത്സ. മരണാനന്തര ചടങ്ങുകൾ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം നടക്കും.
Also read: ഓക്‌സിജൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതി കേരളം
അതേസമയം, സംസ്ഥാനത്ത് ഇന്നലെ 39,955 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 6150 ആയി.