തിരുവനന്തപുരം : ഒമ്പത് വയസുകാരിയെ പട്ടാപ്പകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിക്ക് ജീവിതാവസാനം വരെ കഠിന തടവും 75,000 രൂപ പിഴയും. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ ത്രിലോക് എന്ന് വിളിക്കുന്ന അനി(53) യെയാണ് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്‌ജി ആർ.ജയകൃഷ്‌ണൻ ശിക്ഷിച്ചത്.
പലതവണ പീഡനം : പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടിയെ പല തവണ പീഡനം നടത്തിയതിന് ഏഴ് വർഷം കഠിന തടവിനും കൂടി ശിക്ഷിച്ചിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ ശിക്ഷ അനുഭവിക്കണം. 2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ചിനുള്ളിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കോട്ടയ്ക്കകം പത്മ വിലാസം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ട് പോയി ഓട്ടോയ്ക്കുള്ളിൽവച്ചാണ് ഇയാൾ പല തവണകളായി കുട്ടിയെ ബലാത്സംഗം ചെയ്തത്. ഒരു തവണ പ്രതിയുടെ കൂട്ടുകാരനെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ വേണ്ട ഒത്താശയും പ്രതി ചെയ്തുകൊടുത്തു. ആയുർവേദ കോളജിനടുത്തുള്ള ഒരു ലോഡ്‌ജിൽ കൊണ്ടുപോയി ഐസ്ക്രീം കൊടുത്ത് മയക്കിയും പീഡിപ്പിച്ചു.
കുട്ടി എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാൽ ഭയന്ന് പുറത്തുപറഞ്ഞില്ല. നിരന്തരമായ പീഡനത്തിൽ കുട്ടിയുടെ സ്വകാര്യ ഭാഗം മുറിഞ്ഞ് അണുബാധയുണ്ടായി. ഓട്ടോക്കാരൻ്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ സ്‌കൂൾ അധ്യാപിക വിവരം തിരക്കിയപ്പോഴാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് അധ്യാപകരാണ് പൊലീസിനെ വിവരം അറിയിച്ചത്.
ദയ അർഹിക്കുന്നില്ല : ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിന്യായത്തിൽ പറയുന്നു. ഇരയായ കുട്ടിയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും കോടതി പ്രതിപാദിച്ചിട്ടുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ആർ.എസ് വിജയ് മോഹൻ ഹാജരായി.
ഫോർട്ട് സി.ഐയായിരുന്ന എസ്.വൈ സുരേഷാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷൻ 16 സാക്ഷികളെ വിസ്‌തരിച്ചു. 27 രേഖകൾ ഹാജരാക്കി. പിഴത്തുക കുട്ടിക്ക് നൽകണമെന്നും സർക്കാർ നഷ്‌ടപരിഹാരം നൽകണമെന്നും വിധി ന്യായത്തിൽ പറയുന്നു.