തിരുവനന്തപുരം : കെഎസ്ആർടിസി ബസിന് മുന്നിൽ ബൈക്കുകളിൽ അഭ്യാസ പ്രകടനം നടത്തിയ സംഘത്തിലെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടവല്ലൂര്‍ സ്വദേശി മുഹമ്മദ് യാസിം, അയിനൂര് സ്വദേശികളായ നിഖില്‍ ദാസ്, സഹോദരങ്ങളായ സുഷീദ്, അഷീദ്, അരുവായി സ്വദേശി അതുല്‍, എന്നിവരെയാണ് കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തത്.
മാർച്ച് മൂന്നിന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. തൊട്ടില്‍പ്പാലം-തിരുവനന്തപുരം ബസിന് മുന്പിലായിരുന്നു മൂന്ന് ബൈക്കുകളിലായെത്തിയ ഏഴ് യുവാക്കളുടെ അഭ്യാസ പ്രകടനം. രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. തൃശൂര്‍ പെരുമ്പിലാവ് മുതല്‍ കുന്നംകുളം വരെ 20 മിനിറ്റോളം സംഘം ബസിനുമുന്നില്‍ ഭീതി പരത്തി.
Also Read: പാനി പൂരി കഴിച്ച 15 പേര് ആശുപത്രിയിൽ ; പരിശോധനയാരംഭിച്ച് അധികൃതര്‍
കുട്ടികള്‍ ഉള്‍പ്പടെ 80ഓളം പേരാണ് ബസില്‍ ഉണ്ടായിരുന്നത്. ബസിന്റെ നിയന്ത്രണം നഷ്ടമാകുന്ന രീതിയിലായിരുന്നു സംഘത്തിന്റെ പ്രകടനം. കുന്നംകുളത്ത് യാത്രക്കാരെ ഇറക്കാന്‍ ബസ് നിര്‍ത്തിയപ്പോള്‍ യുവാക്കൾ ബസിനുമുന്നില്‍ കൈകൊണ്ട് ആഞ്ഞടിക്കുകയും കല്ലുകൊണ്ട് ബസിന്റെ വശങ്ങളിൽ ഇടിക്കുകയും ചെയ്തു.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാരെ അസഭ്യം വിളിക്കുകയും ചെയ്തിട്ടുണ്ട്. കുന്നംകുളം എസ്എച്ച്ഒ ഇ.സി സൂരജിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.