തിരുവനന്തപുരം: ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്‍റ ഫ്ലാറ്റിൽ വീണ്ടും കസ്റ്റംസ് പരിശോധന. തിരുവനന്തപുരം അമ്പലമുക്കിലെ ഫ്ലാറ്റിലായിരുന്നു റെയ്ഡ്. അതേ സമയം സ്വപ്നയെ കണ്ടെത്താൻ തെരച്ചിലും ഊർജ്ജിതമാക്കി. ഇന്നലെയും ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹാർഡ് ഡിസ്ക്, ലാപ്പ്ടോപ്പ് എന്നിവ കണ്ടെടുത്തു. ഫ്ലാറ്റിലെ സി.സിടിവി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു.
അതേ സമയം കഴിഞ്ഞ വെള്ളിയാഴ്ച വരെ സ്വപ്ന ഈ ഫ്ലാറ്റിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. എന്നാൽ ഡിപ്ലോമാറ്റിക് ബാഗേജ് കസ്റ്റംസ് പരിശോധിക്കുമെന്ന് ഉറപ്പായതോടെ സ്വപ്ന ഒളിവിൽ പോയി. ഉന്നത ബന്ധങ്ങൾ ഉപയോഗിച്ച് സ്വപ്ന രക്ഷപ്പെട്ടുവെന്നാണ് വിലയിരുത്തൽ. യു.എ.ഇ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. സ്വപ്ന കേരളത്തിന് പുറത്തേക്ക് കടന്നുവെന്ന നിഗമനത്തിലാണ് കസ്റ്റംസ്. ഇവരെ കണ്ടെത്താൻ ഐ.ബിയുടെ സഹായവും കസ്റ്റംസ് തേടിയിടുണ്ട്. അതേസമയം മുൻകൂർ ജാമ്യത്തിനായി സ്വപ്ന കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.