തിരുവനന്തപുരം : കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി മെഗാതിരുവാതിര. സിപിഎം ജില്ല സമ്മേളനത്തിന് മുന്നോടിയായി പാറശാല ചെറുവാരക്കോണത്താണ് മെഗാ തിരുവാതിര അരങ്ങേറിയത്. ജനാധിപത്യമഹിള അസോസിയേഷന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കൊവിഡ് വ്യാപനം ശക്തമാകുമ്പോള്‍ നിയന്ത്രണങ്ങൾ മറികടന്നായിരുന്നു വനിതകളുടെ തിരുവാതിരക്കളി.
കാണികളായി പാറശാല എംഎൽഎ സി കെ ഹരീന്ദ്രൻ, ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ ഉൾപ്പടെയുള്ള പ്രമുഖരും എത്തിയിരുന്നു. പരിപാടി നടക്കുന്നതിന് 200 മീറ്റർ മാത്രം അകലെ അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട്ടിൽ വാരാന്ത്യ ലോക്ക്‌ഡൗണും രാത്രികാല കർഫ്യൂവും ഉൾപ്പടെ നടപ്പാക്കി കൊവിഡിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ് കേരളത്തിൽ രോഗബാധയെ വെല്ലുവിളിച്ചുകൊണ്ടുള്ള മെഗാ തിരുവാതിര.
പാറശാല ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കപ്പെട്ട തിരുവാതിര ജില്ല പഞ്ചായത്ത് അംഗം വി ആർ സലൂജയുടെ നേതൃത്വത്തിലാണ് ചിട്ടപ്പെടുത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ സമ്മേളനത്തിന്‍റെ ഭാഗമായി നിരവധി കലാപരിപാടികളും കായിക പരിപാടികളും പാറശാലയുടെ വിവിധയിടങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.