തിരുവനന്തപുരം: സര്‍ക്കാരിനെതിരായ പ്രതിപക്ഷ സമരത്തെ വിമര്‍ശിച്ച് സി.പി.എം സെക്രട്ടേറിയറ്റ്. കൊവിഡ് സമൂഹ വ്യാപനത്തിനരികില്‍ നില്‍ക്കെ സ്വര്‍ണക്കടത്തിന്റെ മറവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള കോണ്‍ഗ്രസ് ശ്രമമാണ് നടക്കുന്നത്. പ്രതിപക്ഷത്തിന്‍റെ അക്രമാസക്തമായ പ്രതിഷേധം മനുഷ്യജീവനു നേരെയുള്ള വെല്ലുവിളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആരോപിച്ചു. സ്വര്‍ണക്കടത്തിലെ പ്രതികളെയും ഒത്താശക്കാരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണം. ഇതാണ് മുഖ്യമന്ത്രിയുടെയും എല്‍.ഡി.എഫ് സര്‍ക്കാരിന്റെയും ആവശ്യം.
എന്‍.ഐ.എ ഉള്‍പ്പെടെ യുക്തമായ ഏത് ഏജന്‍സിയുടെയും അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഇക്കാര്യത്താലാണ്. എന്‍.ഐ.എ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഒരു കള്ളക്കടത്തു ശക്തിയെയും സംരക്ഷിക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരില്ല. നാലുവര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസിന്റെ കേന്ദ്രമാണെന്ന് ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്.
കൊവിഡ് പ്രോട്ടോക്കോള്‍പോലും കാറ്റില്‍പറത്തി അക്രമാസ്‌ക്തമായ സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് രോഗ വ്യാപനത്തിന്‍റെ ആപല്‍ഘട്ടത്തില്‍ മനുഷ്യ ജീവന്‍ വച്ചുള്ള പന്താടലാണ്. കള്ളക്കടത്ത് ശക്തികളെയും സഹായികളെയും പുറത്തു കൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സി.പി.എം ആരോപിച്ചു.