തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വെള്ളിയാഴ്‌ച നടക്കും. എ.ആര്‍.നഗര്‍ സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ ഇ.ഡി അന്വേഷണമെന്ന കെ.ടി ജലീലിന്‍റെ വിവാദ പരാമര്‍ശം ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗം വിശദമായി പരിശോധിക്കും. ജലീലിന്‍റെ പരാമര്‍ശത്തില്‍ സിപിഎം ജലീലിനെ അതൃപ്‌തി അറിയിച്ചിരുന്നു. പരാമര്‍ശങ്ങളില്‍ കരുതല്‍ വേണമെന്ന സന്ദേശമാണ് സിപിഎം നല്‍കിയത്.
മുഖ്യമന്ത്രിയും പരസ്യമായി ജലീലിനെ തള്ളി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ വ്യഴാഴ്‌ച ജലീല്‍ മുഖ്യമന്ത്രിയുമായി നേരിട്ട് കൂടിക്കാഴ്‌ച നടത്തിയിരുന്നു. സിപിഎം നിലപാടില്‍ നിന്ന് വ്യത്യസ്‌തമായി ഇടത് എം.എല്‍.എ നിലപാട് സ്വീകരിച്ചത് ഗൗരവമായാണ് സിപിഎം കാണുന്നത്. സമ്മേളന കാലത്തിലേക്ക് കടക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ചയും വെള്ളിയാഴ്‌ച നടക്കും.
വെള്ളിയാഴ്‌ച മുതലാണ് സിപിഎമ്മില്‍ സമ്മേളനങ്ങള്‍ക്ക് തുടക്കമാകുന്നത്. വെള്ളിയാഴ്‌ച കണ്ണൂര്‍ ജില്ലയിലെ ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കാണ് തുടക്കമാകുന്നത്. ഒഴിവുള്ള ബോര്‍ഡ് കോര്‍പറേഷന്‍ പുനഃസംഘടനയും വെള്ളിയാഴ്‌ച ചേരുന്ന സെക്രട്ടേറിയറ്റ് യോഗത്തില്‍ ഉണ്ടായേക്കും.
READ MORE: ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി, കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാട്ടം വിജയം കാണുമെന്ന് ജലീല്‍