തിരുവനന്തപുരം : പരസ്യമായി ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്‌ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം. സിപിഎം ശ്രീകാര്യം പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽ കുമാറിനാണ് അഞ്ചംഗ ലഹരി മാഫിയയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ അനിൽ കുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വീടിന് മുന്നിലെ മതിലിൽ സംഘം ചേർന്ന് നിന്ന് ഒരു കൂട്ടം യുവാക്കൾ പരസ്യമായി ലഹരി ഉപയോഗിച്ചത് അനിൽ കുമാർ ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് പ്രകോപിതരായ യുവാക്കൾ കോൺക്രീറ്റ് കല്ല് കൊണ്ട് തലയ്ക്കടിച്ച് മുറിവേൽപ്പിക്കുകയും വളഞ്ഞിട്ട് മർദിക്കുകയുമായിരുന്നു.
അഞ്ചംഗ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ലഹരി ഉപയോഗം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് മുൻപും ഈ സംഘത്തെ അനിൽകുമാർ ചോദ്യം ചെയ്‌തിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ശ്രീകാര്യം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങപ്പാറയിൽ പ്രതിഷേധ പ്രകടനം നടത്തി. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.