തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള തുറന്ന പോരിനിടെ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. ബ്ലാക്ക്‌മെയില്‍ രാഷ്‌ട്രീയത്തിന് ഗവര്‍ണര്‍ രാജ്‌ഭവനെ വേദിയാക്കുന്നുവെന്ന് സിപിഐ ആരോപിച്ചു. പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ 'മലിനമാക്കപ്പെടുന്ന രാജ്‌ഭവനുകള്‍' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് സിപിഐയുടെ രൂക്ഷ വിമര്‍ശനം.
പരിപാവനമെന്ന് കരുതുന്ന രാജ്‌ഭവനെ ഗുണ്ടാരാജ്‌ഭവനാക്കിയത് പോലെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ വാർത്താസമ്മേളനം വീക്ഷിക്കുന്ന സാധാരണക്കാര്‍ക്ക് തോന്നിയിരിക്കുക. പ്രതിപക്ഷ സര്‍ക്കാരുകളെ നിരന്തരം ശല്യപ്പെടുത്തുകയും സംസ്ഥാനങ്ങളില്‍ സർക്കാരിന്‍റെയും ബിജെപിയുടെയും ഇംഗിതങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നതിനുള്ള ചട്ടുകമായാണ് പല ഗവര്‍ണര്‍മാരും പ്രവര്‍ത്തിക്കുന്നതെന്നും സിപിഐ ആരോപിച്ചു.
'ഗവര്‍ണറുടെ ബ്ലാക്ക്‌മെയില്‍ രാഷ്‌ട്രീയം': തീരെ വിലപ്പോവില്ലെന്നു വരുമ്പോള്‍ ഭീഷണിയും കൂറേക്കൂടി കടന്ന് ബ്ലാക്ക്‌മെയിലിങും വരെ നടത്തുന്ന വ്യക്തികള്‍ ഗവർണര്‍മാരിലുണ്ടാകുന്നു. സ്വന്തം താല്‍പര്യങ്ങളുടെ സംരക്ഷണത്തിനായി സര്‍ക്കാരുകള്‍ക്കുമേല്‍ സമ്മര്‍ദങ്ങള്‍ നടത്തുന്നതിനും ഗവര്‍ണര്‍മാര്‍ പലപ്പോഴും മടിക്കുന്നില്ല. അത്തരമൊരു പശ്ചാത്തലത്തിലാണ് വീണ്ടും ബ്ലാക്ക്‌മെയില്‍ രാഷ്ട്രീയത്തിന് രാജ്‌ഭവനെ വേദിയാക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ നടപടികളെ സമീപിക്കേണ്ടതെന്നും സിപിഐ മുഖപ്രസംഗത്തില്‍ പറയുന്നു.
Also Read: പോര് രൂക്ഷം: 'ഗവര്‍ണര്‍ നിലപാടുകള്‍ വിറ്റ് ബിജെപിയില്‍ ചേര്‍ന്നയാള്‍' - ദേശാഭിമാനി
ഗവർണര്‍ എന്ന പദവി അനാവശ്യമാണെന്ന നിലപാടുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പല അന്വേഷണ കമ്മിഷനുകളും ഭരണ പരിഷ്‌കാര സമിതികളും മുന്നോട്ട് വച്ചിരുന്നതാണ്. കേന്ദ്രത്തില്‍ വിവിധ കാലങ്ങളായി അധികാരത്തിലിരിക്കുന്ന സര്‍ക്കാരുകളുടെ നിക്ഷിപ്‌ത താല്‍പര്യങ്ങള്‍ മൂലമാണ് ആ പദവി അവസാനിക്കപ്പെടാത്തതെന്നും സിപിഐ ചൂണ്ടിക്കാട്ടി.
ഗവര്‍ണര്‍ പദവി പലപ്പോഴും സര്‍ക്കാരുകള്‍ക്ക് മേല്‍ ഭരണഘടനാനുസൃതല്ലാത്ത നിയന്ത്രണങ്ങളോ സ്വാധീനമോ ചെലുത്തുന്നതിനുള്ള ഉപകരണമാക്കി മാറ്റിയതിന് മുന്‍കാല അനുഭവങ്ങള്‍ ധാരാളമുണ്ട്. ബിജെപി അധികാരത്തിലെത്തിയതിന് ശേഷം അത് കൂടുതല്‍ ശക്തമായെന്നും സിപിഐ ആരോപിച്ചു. സര്‍ക്കാരിന്‍റെ ധൂര്‍ത്ത് എന്ന ഗവർണറുടെ പരാമര്‍ശത്തേയും പാര്‍ട്ടി വിമർശിച്ചു.
'രാജ്‌ഭവനെ മലിനമാക്കുന്ന നടപടി': കേരള സര്‍ക്കാരിനെതിരായ പരസ്യ യുദ്ധത്തിനിറങ്ങിയിരിക്കുന്ന ഗവർണർ ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തിലും എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ ധൂര്‍ത്ത് എന്ന ആരോപണം ആവര്‍ത്തിക്കുകയുണ്ടായി. ഗവര്‍ണറെന്ന പദവിക്കുവേണ്ടിയുള്ള സംവിധാനങ്ങള്‍ക്കായി മാത്രം ഓരോ മാസവും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കപ്പെടുന്നത്. രാജ്‌ഭവനിലെ നിലവിലുള്ള ജീവനക്കാരുടെ വേതനമായി കോടികള്‍ വേറെയും ചെലവഴിക്കുന്നു.
ഇവയില്‍ ആവശ്യമില്ലാത്ത തസ്‌തികകളുമുള്‍പ്പെടുന്നുണ്ടെന്നും കാലഹരണപ്പെട്ട തസ്‌തികകളില്‍ പോലും ജീവനക്കാരെ നിലനിര്‍ത്തുകയും പുതിയ തസ്‌തികകള്‍ സൃഷ്‌ടിച്ച് നിയമനം നടത്തുകയും ചെയ്യുന്ന ഗവര്‍ണറാണ് സംസ്ഥാന സര്‍ക്കാർ ധൂര്‍ത്ത് നടത്തുവെന്ന് കുറ്റപ്പെടുത്തുന്നത്. പറയുന്ന വാക്കിനോട് നീതി പുലര്‍ത്താന്‍ സന്നദ്ധമാകാതാതെ പുലഭ്യം വിളിച്ചുപറഞ്ഞ് രാജ്‌ഭവനെ മലിനമാക്കുന്ന നടപടി ഗവര്‍ണര്‍ക്ക് തീരെ യോജിച്ചതല്ലെന്ന് പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
ഗവര്‍ണര്‍-മുഖ്യമന്ത്രി തുറന്ന പോര്: കണ്ണൂര്‍ ചരിത്ര കോണ്‍ഗ്രസിലെ ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം, ബില്ലുകളിലെ ഒപ്പിടല്‍, പ്രിയ വര്‍ഗീസിന്‍റെ നിയമനം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്‌ഭവനില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചത്. സിഎഎ വിഷയത്തിൽ തന്നെ നിശബ്‌ദനാക്കാന്‍ ശ്രമിച്ചതുപോലെ ഭേദഗതി ബില്ലുകളുടെ കാര്യത്തിലും സമാനമായ ഇടപെടലുണ്ടായെന്നും കണ്ണൂര്‍ സര്‍വകലാശാലയില്‍ പ്രിയ വര്‍ഗീസിന്‍റെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണ് നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു.
ഇതിന് പിന്നാലെ ഗവര്‍ണറെ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. ഗവര്‍ണര്‍ തരംതാഴരുതെന്നും പദവിക്ക് യോചിച്ചതേ പറയാവൂ എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കണ്ണൂരിലെ ലോക്കല്‍ കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനച്ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Read More: 'രണ്ടും കല്‍പ്പിച്ച്'; എല്ലാ സീമകളും ലംഘിച്ച് ഗവര്‍ണര്‍ സര്‍ക്കാര്‍ പോര്