തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചുള്ള ഉത്തരവിനെതിരെ പ്രതിപക്ഷം. ജോലിക്ക് പോകാൻ പോലും ആർക്കും പുറത്തിറങ്ങാൻ കഴിയാത്ത തരത്തിലാണ് ഉത്തരവ്. ചട്ടം 300 പ്രകാരം നിയമസഭയിൽ ആരോഗ്യമന്ത്രി പറഞ്ഞതിന് വിരുദ്ധമായാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയതെന്നും പ്രതിപക്ഷം നിയമസഭയിൽ ക്രമപ്രശ്‌നമായി ഉന്നയിച്ചു.
പ്രതിപക്ഷത്തിന്‍റെ ക്രമപ്രശ്‌നം
കൊവിഡ് വാക്‌സിൻ ഒരു ഡോസെങ്കിലും എടുത്തവർ മാത്രമേ കടകൾ സന്ദർശിക്കാവൂ എന്നാണ് ഉത്തരവിൽ പറയുന്നത്. എന്നാൽ മന്ത്രി അഭികാമ്യം എന്നാണ് പറഞ്ഞത്. നിയമസഭയിൽ പറഞ്ഞതിന് ഘടക വിരുദ്ധമായാണ് ഉത്തരവിറങ്ങുന്നത്. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ ഉദ്യോഗസ്ഥർ സമ്മതിക്കുന്നില്ല. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
2 കിലോ അരിവാങ്ങാനും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്
മൂന്ന് ദിവസം കടകൾ തുറന്നപ്പോൾ പോലും ഇല്ലാത്ത നിയന്ത്രണമാണ് ഇപ്പോൾ ഉള്ളത്. രണ്ട് കിലോ അരി വാങ്ങാൻ 72 മണിക്കൂർ മുമ്പ് നടത്തിയ ആർടിപിസിആർ പരിശോധന നെഗറ്റീവാകണമെന്നാണ് ഉത്തരവ് പറയുന്നത്. പൊലീസിനെ ജനങ്ങളിൽ കുത്തി പിഴിയാനുള്ള അവസരം നൽകുകയാണ്. പുറത്തിറങ്ങിയാൽ പിഴ എന്ന സ്ഥിതിയാണ്. ഫൈൻ സിറ്റിയായി കേരളം മാറിയതായും പ്രതിപക്ഷം ആരോപിച്ചു.
ക്രമപ്രശ്‌നം തള്ളി സ്‌പീക്കർ
എന്നാൽ ഉത്തരവിൽ വൈരുദ്ധ്യങ്ങളില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോർജിൻ്റെ മറുപടി. ആശയക്കുഴപ്പമുണ്ടാകുന്ന വിഷയങ്ങളിൽ വ്യക്തത വരുത്തുകയാണ് ഉത്തരവിൽ ചെയ്‌തതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സ്‌പീക്കർ ക്രമപ്രശ്‌നം തള്ളി. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. ജനങ്ങളെ ദ്രോഹിക്കുന്ന ഈ ഉത്തരവിനെതിരെ പ്രതിപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് ലോട്ടറി വിൽപനയിൽ വൻ കുറവെന്ന് ധനകാര്യമന്ത്രി