തിരുവനന്തപുരം: സംസ്ഥാനത്ത് ബൂധനാഴ്‌ച പുതിയ കൊവിഡ് ബാധിതരില്ലെങ്കിലും വിവിധ ജില്ലകളിലായി നിരവധി പേര്‍ നിരീക്ഷണത്തിലാണ്. ചിലയിടങ്ങില്‍ ആളുകളെ ഐസൊലേഷന്‍ വാര്‍ഡിലും പ്രവേശിപ്പിച്ചു
പത്തനംതിട്ട
ഇന്ന് ലഭിച്ച 18 പരിശോധനാ ഫലങ്ങളും നെഗറ്റീവാണെന്ന് ജില്ലാ കലക്ടര്‍ പി.ബി നൂഹ് അറിയിച്ചു. ഇതില്‍ മൂന്നു ഡോക്ടര്‍മാരുടെ ഫലവും ഉള്‍പ്പെടും. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എട്ടു പേരും, കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഏഴ് പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ഐസൊലേഷനില്‍ ഉണ്ട്. ഇന്ന് പുതിയതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 44 പേരെ ഡിസ്ചാര്‍ജ് ചെയ്തു. പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്ടുകളായ 1254 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 1894 പേരും വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇന്നുവരെ അയച്ച സാമ്പിളുകളില്‍ ഒമ്പതെണ്ണം പൊസിറ്റീവായും 62 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 21 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും 8846 യാത്രക്കാരെ സ്‌ക്രീന്‍ ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്ന 854 പേരെ തിരുവല്ല റെയില്‍വേ സ്റ്റേഷനിലും, ജില്ലയിലെ വിവിധ ബസ് സ്റ്റേഷനുകളിലും സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ശബരിമല മാസപൂജയുമായി ബന്ധപ്പെട്ട് പമ്പയില്‍ എത്തിയ 9110 അയ്യപ്പഭക്തന്മാരെയും പരിശോധിച്ചു.
എറണാകുളം
ജില്ലയിൽ വീടുകളിൽ കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1068 ആയി. ബുധനാഴ്‌ച പുതിയതായി 74 പേരെക്കൂടി നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തി. കളമശ്ശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പുതിയതായി 4 പേരെക്കൂടി പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച ഉണ്ടായിരുന്ന 14 പേരിൽ നിന്ന് 2 പേരെ ഡിസ്ചാർജ് ചെയ്തു. നിലവിൽ 23 പേരാണ് ജില്ലയിൽ ആശുപത്രികളിൽ നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 16 പേർ കളമശ്ശേരിയിലും 7 പേർ മൂവാറ്റുപുഴയിലുമാണ്. നിരീക്ഷണ പട്ടികയിൽ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ല. 22 സാമ്പിളുകളാണ് ആലപ്പുഴ എൻഐവിയിലേക്ക് അയച്ചത്. ഇതോടെ ജില്ലയിൽ നിന്ന് അയച്ച സാമ്പിളുകളുടെ എണ്ണം 462 ആയി. ഇതിൽ 414 എണ്ണത്തിന്‍റെ ഫലമാണ് ഇതുവരെ ലഭിച്ചത്. കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ എത്തിയ 37 വിമാനങ്ങളിലെ 1977 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 94 പേരെ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നതിനായും 2 പേരെ ആശുപത്രിയിൽ നിരീക്ഷണത്തിനായും അയച്ചു. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്നും ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുമെന്ന് ഉറപ്പു നൽകി കൊണ്ടുള്ള സത്യവാങ്മൂലം വാങ്ങിയതിന് ശേഷമാണ് വീടുകളിലേക്ക് അയക്കുന്നത്. ആഭ്യന്തര ടെർമിനലിൽ എത്തിയ 16 വിദേശികളെ ഇവിടെ നിരീക്ഷണത്തിൽ കഴിയാൻ താൽപര്യമില്ല എന്നറിയിച്ചതിനെ തുടർന്ന് സ്വദേശത്തേക്ക് തിരിച്ചയച്ചു. കൊച്ചി വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിൽ എത്തിയ 21 വിമാനങ്ങളിലെ 2743 യാത്രക്കാരെ പരിശോധിച്ചു. ഇതിൽ രോഗലക്ഷണങ്ങൾ കാണിച്ച 84 പേരെ ആശുപത്രികളിലേക്ക് കൂടുതൽ പരിശോധനയ്ക്കായി അയച്ചു. കൂടാതെ രോഗലക്ഷണങ്ങളില്ലാത്ത ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് എത്തിയ 64 പേരെ ആരോഗ്യ വകുപ്പിന്‍റെ നിർദ്ദേശം പ്രകാരം വീടുകളിൽ കഴിയും എന്നുള്ള സത്യവാങ്മൂലം വാങ്ങി വീടുകളിൽ നിരീക്ഷണത്തിൽ ആക്കി. കൊച്ചിയിൽ നിന്നും ഇന്നലെ വൈകിട്ട് 6 മണി മുതൽ ഇന്ന് വൈകിട്ട് 4.30 വരെ 42 ആബുംലൻസുകളിലായി 97 യാത്രക്കാരെ നിരീക്ഷണത്തിനായി സ്വന്തം വീടുകളിൽ എത്തിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസർഗോഡ്, പാലക്കാട് തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളിൽ ഉള്ളവരാണിവര്‍
പാലക്കാട്
പാലക്കാട് ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീവമായി തുടരുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിൽ 309 പേരാണ് ആശുപത്രികളിലും വീടുകളിലുമായി നിരീക്ഷണത്തിലുള്ളത്. 280 പേര്‍ വീടുകളിലും 15 പേര്‍ ജില്ലാ ആശുപത്രിയിലും, നാല് പേർ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലും പത്ത് പേർ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ആരുടെയും ആരോഗ്യ നിലയില്‍ ആശങ്ക വേണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസർ അറിയിച്ചിട്ടുണ്ട്. ഇതുവരെ 110 സാമ്പിളുകള്‍ അയച്ചതില്‍ 77 ഫലങ്ങളും നെഗറ്റീവാണ്. ആകെ 543 പേരാണ് നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 234 പേരുടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.അതേസമയം കഴിഞ്ഞ 14 ദിവസത്തിനുള്ളിൽ കോവിഡ് ബാധിത പ്രദേശങ്ങളിൽ നിന്നും വന്നിട്ടുള്ള സ്വദേശികളും വിദേശികളുമായ ആളുകൾ ആരോഗ്യവകുപ്പിന് വിവരം നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കാസര്‍കോട്
കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമാണ്. ജില്ലയില്‍ കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് 409 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രികളിലും 400 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി മൂന്ന് പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കിയത്. പുതുതായി 25 പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചിട്ടുണ്ട്. 42 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. അതേസമയം ജില്ലയിൽ നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഫെബ്രുവരി 20 ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്ന വ്യക്തികളും അവരുടെ കുടുംബാംഗങ്ങളും യാതൊരു കാരണവശാലും ആരാധനാലയങ്ങള്‍, വിവാഹങ്ങള്‍, ആഘോഷങ്ങള്‍, മറ്റ് കൂട്ടായ്മകള്‍ ഇത്തരം കാര്യങ്ങളില്‍ പങ്കെടുക്കാന്‍ പാടില്ലെന്നാണ് നിർദേശം. നിയന്ത്രണം ലംഘിക്കുന്നവർക്ക് 6 മാസം വരെ കഠിന തടവ് ലഭിക്കും. നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കണ്ടെത്താൻ കാഞ്ഞങ്ങാട് സബ് കലക്ടറുടെയും കാസര്‍കോട് ആര്‍.ഡി.ഒ.യുടെയും നേതൃത്വത്തില്‍ രണ്ട് കൊവിഡ് കണ്‍ട്രോള്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.
കൊല്ലം
ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 706 പേരും ആശുപത്രിയില്‍ ഏഴു പേരുമുണ്ട്. 338 സാമ്പിളുകള്‍ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചതില്‍ 57 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ഫലം വന്ന 281 എണ്ണം നെഗറ്റീവാണ്. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് മനുഷ്യ വിഭവശേഷി പൂര്‍ണമായും ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്‌ടര്‍ വി.വി ഷേര്‍ലി വ്യക്തമാക്കി.