തിരുവനന്തപുരം: സംസ്ഥാനത്ത് ഫെബ്രുവരി രണ്ടാം വാരത്തോടെ കൊവിഡ് കേസുകൾ കുറയുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മൂന്നാം തരംഗത്തിൽ പ്രതിദിന രോഗബാധിതർ അരലക്ഷത്തിന് മുകളിൽ തുടരുകയാണ്. ഇതിൽ 3.6 ശതമാനം മാത്രമാണ് ആശുപത്രികളിൽ ഉള്ളത്. ഐസിയുവിലെ രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടാകുന്നില്ല.
കൊവിഡ് നോൺ കൊവിഡ് എന്നിങ്ങനെ വെൻ്റിലേറ്റർ ഉപയോഗം 13 ശതമാനം മാത്രമാണ്. ഒമിക്രോൺ വ്യാപനം ഡെൽറ്റയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണെന്നും വീണ ജോർജ് പറഞ്ഞു. മൂന്നാം തരത്തിലെ പ്രതിരോധ തന്ത്രം വ്യത്യസ്‌തമാണ്. ഭൂരിഭാഗം ആളുകളും വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. എല്ലാവർക്കും ക്വാറന്‍റീൻ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. കൊവിഡ് രോഗികളെ അടുത്ത ചികിത്സിക്കുന്നവർ മാത്രം ക്വാറന്‍റീൻ സ്വീകരിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപന വർധനവിൽ കുറവ്
മൂന്നാം തരംഗ കൊവിഡ് വ്യാപന വർധനവിൽ കുറവുണ്ട്. ജനുവരി ഒന്നാം ആഴ്‌ച 45 ശതമാനം, രണ്ടാം ആഴ്‌ച 148 ശതമാനം, മൂന്നാം ആഴ്‌ച 215 ശതമാനം, നാലാം ആഴ്‌ച 71ശതമാനം, നിലവിൽ 74 ശതമാനം എന്നിങ്ങനെയാണ് മൂന്നാം തരംഗ വ്യാപന വർധനവിൽ ഉണ്ടായ കുറവ്.
സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടെന്ന് തള്ളാതെ ആരോഗ്യ മന്ത്രി
അതിവേഗം പകരുന്നതാണ് ഒമിക്രോൺ എന്നും വീട്ടിലൊരാൾക്ക് വന്നാൽ എല്ലാവർക്കും പടരാൻ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. നിലവിൽ സാമൂഹിക വ്യാപനം ഉണ്ട്. രാജ്യത്തൊട്ടാകെ ഇതാണ് സ്ഥിതിയെന്നും മന്ത്രി പറഞ്ഞു. ലക്ഷണങ്ങൾ ഉള്ളവർ പരിശോധിക്കണം. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായുള്ള യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുക മാത്രമാണ് ചെയ്‌തതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിന് എംബിബിഎസ് ഡോക്‌ടർമാരിൽ നിന്ന് സേവനം അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. വിരമിച്ച ഡോക്ടർമാരുടെ സേവനം ടെലിമെഡിസിനിൽ ഉപയോഗപ്പെടുത്തും. കൊവിഡ് ബാധിതരായ സ്ത്രീകൾ മുതിർന്നവർ എന്നിവരെ അംഗനവാടി ജീവനക്കാർ വിളിച്ച് പിന്തുണ നൽകും. പൊതുജനങ്ങൾ അടിയന്തര സാഹചര്യത്തിൽ മാത്രമേ ആശുപത്രിയിലേക്ക് എത്താൻ പാടുള്ളൂവെന്നും മന്ത്രി കൂട്ടിച്ചേർത്തു. എല്ലാ മെഡിക്കൽ കോളജുകളിലും കൊവിഡ് കൺട്രോൾ റൂം സജ്ജമാക്കുമെന്നും മന്ത്രി അറിയിച്ചു.
ALSO READ: കണക്കുകൾക്കപ്പുറം വിധിയെഴുതുന്ന വാരാണസി സൗത്ത്; പിടിച്ചടക്കാനൊരുങ്ങി രാഷ്‌ട്രീയ പാർട്ടികൾ