തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ വീഴ്‌ച വരുത്തിയ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കൊവിഡ് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാനായി വിളിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി വീഴ്‌ചകള്‍ ചൂണ്ടിക്കാട്ടി തദ്ദേശ സ്ഥാപനങ്ങളെ വിമര്‍ശിച്ചത്. രണ്ടാം തരംഗത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വീഴ്‌ച സംഭവിച്ചതായി മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചു.
"ഇനി പൂര്‍ണമായ അടച്ചിടല്‍ പ്രായോഗികമല്ല"
വാര്‍ഡ് തല സമിതിയുടെ പ്രവര്‍ത്തനത്തിലൂടെയാണ് ഒന്നാം തരംഗത്തില്‍ കേരളം പിടിച്ചു നിന്നത്. എന്നാല്‍ രണ്ടാം തരംഗത്തില്‍ വാര്‍ഡുതല സമിതികള്‍ പ്രവര്‍ത്തനത്തില്‍ പിന്നോട്ട് പോയി. വാര്‍ഡുതല സമിതികള്‍ ശക്തിപ്പെടുത്തിയുള്ള പ്രതിരോധ പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. എന്നാല്‍ അത് നടപ്പിലായില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. സംസ്ഥാനത്ത് ഇനി പൂര്‍ണമായ അടച്ചിടല്‍ പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ക്വാറന്‍റൈൻ ലംഘകർക്ക് കനത്ത പിഴ
നിരീക്ഷണത്തിലിരിക്കുന്ന പലരും ക്വാറന്‍റൈൻ പാലിക്കുന്നില്ല. ഇത് ഉറപ്പു വരുത്തണം. വാര്‍ഡുതല സമിതികള്‍, അയല്‍പ്പക്ക നിരീക്ഷണം, സിഎഫ്എല്‍ടിസികള്‍, ഡൊമിസിലറി കേന്ദ്രങ്ങള്‍, ആര്‍ആര്‍ടികള്‍ എന്നിവ ശക്തിപ്പെടുത്തും. ക്വാറന്‍റൈൻ ലംഘകരെ കണ്ടെത്തിയാല്‍ കനത്ത പിഴ, ലംഘകരുടെ ചെലവില്‍ പ്രത്യേക ക്വാറന്‍റൈൻ, ഇതിനായി പ്രത്യേക കേന്ദ്രം എന്നിവ ഒരുക്കും.
രണ്ടാഴ്‌ച കൊണ്ട് സ്ഥിതി കൂടുതല്‍ നിയന്ത്രണ വിധേയമാക്കലാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് യോഗം ചേര്‍ന്നത്. ആരോഗ്യ മന്ത്രി വീണ ജോര്‍ജ്, തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍, റവന്യൂ മന്ത്രി കെ. രാജന്‍ എന്നിവരും യോഗത്തില്‍ സംസാരിച്ചു.
READ MORE: സംസ്ഥാനത്ത് 29,322 പേര്‍ക്ക് കൊവിഡ്; 131 മരണം