തിരുവനന്തപുരം: ഐഎൻടിയുസി നേതാവിനെ ജാതി പേര് വിളിച്ച് അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ച കേസിൽ മുൻ ഡിസിസി പ്രസിഡന്‍റ് ഉൾപ്പെടെയുള്ള അഞ്ച് പ്രതികൾക്ക് ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. തിരുവനന്തപുരം മുൻ ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിൻകര സനിൽ, ഡിസിസി ജനറൽ സെക്രട്ടറി കൈമനം പ്രഭാകരൻ, നേമം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് തമ്മലം കൃഷ്‌ണൻകുട്ടി, പാപ്പനംകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് നടുവത്ത് വിജയൻ, കോൺഗ്രസ് പ്രവർത്തകരായ രതീഷ് കുമാർ, സതീഷ് കുമാർ എന്നിവരാണ് കേസിലെ പ്രതികൾ.
ഡിസിസി നൽകിയ നോട്ടിസില്‍ ജാതി പേര് പരാമര്‍ശിച്ച് അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ഹർജിയിലെ ആരോപണം. 2021 ഫെബ്രുവരി 15ന് നല്‍കിയ നോട്ടിസ് കോൺഗ്രസ് പ്രവർത്തകർക്കിടയിലും സമൂഹ മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. ഇത് തന്നെ മനഃപൂർവം അപമാനിക്കാൻ വേണ്ടിയായിരുന്നുവെന്നാണ് ഹർജിക്കാരനായ കരമന സ്വദേശി രാജേഷ് കോടതിയിൽ നൽകിയ മൊഴി. കോടതി നേരിട്ട് പരാതിക്കാരന്‍റെ മൊഴി എടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.