തിരുവനന്തപുരം: കലക്‌ടറേറ്റ് സ്ഥിതി ചെയ്യുന്ന സർക്കാർ പുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തിയുടെ പേരിൽ ഉടമസ്ഥാവകാശം നൽകിയ മുന്‍സിഫ് കോടതിയുടെ ഉത്തരവ് ജില്ല കോടതി റദ്ദാക്കി. കേസ് പുനർവിചാരണ നടത്താന്‍ തിരുവനന്തപുരം മൂന്നാം അഡീഷണല്‍ ജില്ല കോടതി ജഡ്‌ജി എസ് സജികുമാർ ഉത്തരവിട്ടു.
കുടപ്പനക്കുന്ന് വില്ലേജില്‍ സ്ഥിതി ചെയ്യുന്ന 1 ഏക്കർ 55 സെൻ്റ് വസ്‌തു പാതിരപ്പള്ളി സ്വദേശി ഡാനിയൽ ലാസറിൻ്റെയും ഭാര്യ ശോശാമ്മ ലാസറിന്‍റേയും കൈവശത്തിലായിരുന്നു. റീ സർവ്വേ അളവ് പ്രകാരം 23 സെൻ്റ് വസ്‌തു സർക്കാർ പുറമ്പോക്കിൽ ഉൾപ്പെട്ടതായിരുന്നു.
2008ല്‍ 1 ഏക്കർ 55 സെൻ്റ് വസ്‌തുവിന് ഉടമസ്ഥവകാശം സ്ഥാപിച്ചു കിട്ടുന്നതിന് ഡാനിയൽ ലാസർ സമർപ്പിച്ച അപേക്ഷ തിരുവനന്തപുരം സർവേ അതോറിറ്റി നിരസിച്ചെങ്കിലും നിയമവിരുദ്ധമായി നടപടികൾ സ്വീകരിച്ച് റീസർവേ ഉദ്യോഗസ്ഥർ പട്ടയം നൽകുകയായിരുന്നു.
2009ൽ അന്നത്തെ സർവേ വിജിലൻസ് ഡയറക്‌ടറായിരുന്ന ബിജു പ്രഭാകര്‍ ക്രമക്കേട് കണ്ടെത്തുകയും ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. ഡാനിയൽ ലാസറിനേയും സസ്‌പെൻഡ് ചെയ്യപ്പെട്ട സർക്കാർ ജീവനക്കാരെയും പ്രതികളാക്കി പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് നിലവില്‍ തിരുവനന്തപുരം സിജെഎം കോടതിയിലാണ്.
സ്വകാര്യ വ്യക്തിയുടെ പേരിൽ അനധികൃതമായി നൽകിയ പട്ടയം ജില്ല കലക്‌ടര്‍ 2011ൽ റദ്ദ് ചെയ്‌തിരുന്നു. ഇതിനെതിരെ സർക്കാരിനെ എതിർകക്ഷിയാക്കി ഡാനിയൽ തിരുവനന്തപുരം മൂന്നാം അഡീഷണല്‍ മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 2015ൽ കോടതി അനുകൂല വിധി പ്രസ്‌താവിക്കുകയുമായിരുന്നു. ഇതിനെതിരെയാണ് സർക്കാർ കോടതിയിൽ അപ്പീൽ ഫയൽ ചെയ്‌തത്.
Also read: KM Basheer's Death Case : ജഡ്‌ജിയില്ല, കുറ്റപത്രം വായിക്കുന്നത് അടുത്ത വർഷത്തേക്ക് നീട്ടി