തിരുവനന്തപുരം: വിഴിഞ്ഞത്ത് മുക്കുപണ്ടം പണയം വച്ച് 1,20,000 രൂപ തട്ടിയ ദമ്പതികൾ പിടിയിൽ. പൂന്തുറ സ്വദേശി അബ്‌ദുള്‍ റഹ്മാൻ, ഭാര്യ റംസി എന്നിവരെയാണ് തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്‌തത്.
ജനുവരി 15നാണ് കേസിനാസ്‌പദമായ സംഭവം. തിരുവല്ലം വണ്ടിത്തടത്തെ സ്വകാര്യ പണമിടപാട് സ്ഥാനപനത്തില്‍ എത്തിയ ദമ്പതികള്‍ 36 ഗ്രാം സ്വർണം പണയം വച്ച് 1,20,000 രൂപ വാങ്ങി. സ്ഥാപനത്തിൽ നൽകിയ മൊബൈൽ നമ്പർ 9 അക്കം മാത്രം ഉള്ളതിനാൽ ഉടമ ഇവരെ തിരികെ വിളിച്ചു. എന്നാൽ ഇരുവരും വാഹനത്തില്‍ കയറി രക്ഷപ്പെട്ടു.
സംശയം തോന്നിയ ഉടമ ആഭരണം പരിശോധിച്ചപ്പോൾ വ്യാജമാണെന്ന് മനസിലായി. വാഹനത്തെ പിൻതുടർന്നെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് സ്ഥാപനമുടമ പൊലീസില്‍ പരാതി നൽകി. സ്ഥാപനത്തിൽ സിസിടിവി ഇല്ലാത്തതിനാൽ തെളിവ് ലഭിച്ചില്ല. എന്നാല്‍ പ്രദേശത്തെ മറ്റൊരു സിസിടിവി പരിശോധിച്ചപ്പോൾ ഇരുവരുടെയും ഏകദേശരൂപം മനസിലാകുകയും തുടർന്നുള്ള അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തട്ടിപ്പിന് ശേഷം പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനത്തിന്‍റെ നമ്പർ ചുരണ്ടി മാറ്റുകയും വാഹനത്തിന് മുകൾ ഭാഗം കറുത്ത പെയ്ന്‍റ് അടിച്ച് രൂപ മാറ്റം വരുത്തുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു. സമാനമായ തട്ടിപ്പ് പൂന്തുറ സ്റ്റേഷൻ പരിധിയിലും ദമ്പതികള്‍ നടത്തിയിട്ടുണ്ട്. മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ ഒരു ബൈക്ക് മോഷണ കേസിലെ പ്രതിയാണ് അബ്‌ദുള്‍ റഹ്മാൻ. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
Also read: പെണ്‍കുട്ടിയുടെ പരാതി: മലപ്പുറത്ത് വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം കേസ്