തിരുവനന്തപുരം: തൃപ്പൂണിത്തുറയിൽ നിർമാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ കരാറുകാർക്കെതിരെ കേസെടുത്തു. പാലം പണി നിര്‍വഹിക്കുന്ന കരാറുകാർക്കെതിരെ ഐപിസി 304 എ വകുപ്പ് പ്രകാരമാണ് നടപടി. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ പൊതുമരാമത്ത് സെക്രട്ടറിയോട് മന്ത്രി അടിയന്തര റിപ്പോർട്ട് തേടി. തെറ്റ് ചെയ്‌തവരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മന്ത്രി പറഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ കലക്‌ടര്‍ പരിശോധിച്ച ശേഷം തീരുമാനിക്കും.
മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചില്ല : പാലം പണി നടക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ അപകട സൂചനകൾ നൽകേണ്ടിയിരുന്നു. ഉദ്യോഗസ്ഥർക്ക് സംഭവിച്ച വീഴ്‌ച പരിശോധിക്കുമെന്ന് മന്ത്രി പറഞ്ഞു. ശനിയാഴ്‌ച പുലർച്ചെയാണ് തൃപ്പൂണിത്തുറയിൽ നിർമാണം പൂർത്തിയാക്കാത്ത പാലത്തിലുണ്ടായ അപകടത്തിൽപ്പെട്ട് എരൂര്‍ സ്വദേശി വിഷ്‌ണു മരിച്ചത്.
പൊതുമരാമത്ത് വകുപ്പിന്‍റെ പാലം പണി നടക്കുന്നത് അറിയാതെ പുലർച്ചെ ബൈക്കിൽ വന്ന വിഷ്‌ണുവും സുഹൃത്തും പാലത്തിന്‍റെ ഭിത്തിയിൽ ഇടിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. റോഡിൽ സൂചനാബോർഡുകളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടമുണ്ടാക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പിനെയും മന്ത്രി വിമർശിച്ചു.
Also read: കൂളിമാട് പാലം തകർച്ച ; പൊതുമരാമത്ത് വകുപ്പിനുണ്ടായത് ഗുരുതര വീഴ്‌ച
റോഡ് കുഴിച്ച് പൈപ്പിടുന്ന വേഗത റോഡ് മൂടുന്ന കാര്യത്തിൽ ഉണ്ടാകുന്നില്ല. ഇതിന്‍റെ പഴി കേൾക്കേണ്ടി വരുന്നത് പിഡബ്ല്യൂഡിയാണ്. ഈ പാളിച്ച ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്‌ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പിലെയും ജലസേചന വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർ ചർച്ച ചെയ്‌ത് മുന്നോട്ട് പോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.