തിരുവനന്തപുരം: വൈവിധ്യവത്കരണത്തിന്‍റെ ഭാഗമായി ആരംഭിച്ച കൺസ്യൂമർഫെഡിന്‍റെ ന്യായവില കോഫി ഹൗസ് സൂപ്പർ ഹിറ്റ്. സെക്രട്ടേറിയറ്റിനു സമീപം സ്റ്റാച്യുവിലെ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റിനോട് ചേർന്ന് ഒരു മാസം മുമ്പ് ആരംഭിച്ച സംരംഭം പ്രതിദിനം പതിനായിരം രൂപയിലേറെ വിറ്റുവരവുമായാണ് മുന്നേറുന്നത്.
കപ്പയും ബീഫും തട്ടുദോശയും പുഴുങ്ങിയ മുട്ടയും, ചായയും കടികളും എല്ലാം ഉള്ള ഈ കൊച്ചുകടയിൽ എത്തുന്നവരുടെ എണ്ണം ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബങ്ങൾ അടക്കമുള്ള സ്ഥിരം 'കസ്റ്റമേഴ്‌സ്' ദിവസവും ഇവിടെ പാഴ്‌സൽ വാങ്ങാനെത്തും. കൂടാതെ കൺസ്യൂമർഫെഡ് വിദേശ മദ്യ വിൽപ്പന കൗണ്ടറിലെ ഉപഭോക്താക്കൾക്കും ന്യായവില കോഫി ഹൗസ് സൗകര്യമാണ്.
രാവിലെ ചായയും കടികളും തയ്യാറാക്കുന്നതിനൊപ്പം തന്നെ ഒരു വശത്ത് കപ്പയും ബീഫും തയ്യാറാക്കാനാരംഭിക്കും. ഉച്ചയ്ക്കു മുമ്പ് അവ പായ്ക്ക് ചെയ്ത് വിതരണവും തുടങ്ങും. വൈകുന്നേരത്തോടെ ഈ കൗണ്ടർ ദോശയും ഓംലറ്റുമൊക്കെ കിട്ടുന്ന നാടൻ തട്ടുകടയായി രൂപം മാറും.
രണ്ടു ഷിഫ്റ്റായി ജോലിചെയ്യുന്ന ജീവനക്കാരും ഇവിടെ തിരക്കിലാണ്. സ്റ്റാച്യു കൗണ്ടറിലെ വിജയം മറ്റു കേന്ദ്രങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ തുറക്കാനുള്ള ആലോചനയ്ക്ക് കൺസ്യൂമർഫെഡിനെ പ്രേരിപ്പിച്ചിട്ടുണ്ട്. സ്ഥാപനം കൂടുതൽ ജനകീയമാക്കാനും ഇത് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.