തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്: രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ കല്‍പ്പറ്റയിലെ ഓഫീസ് എസ്എഫ്‌ഐ പ്രവർത്തകർ തല്ലിത്തകർത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനമൊട്ടാകെ കോൺഗ്രസ്- യൂത്ത് കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധം. തിരുവനന്തപുരത്ത് എകെജി സെന്‍ററിലേക്ക് നടന്ന പ്രതിഷേധ മാർച്ചില്‍ പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി.
തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ല കേന്ദ്രങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. വയനാട്ടിലെ കല്‍പ്പറ്റയില്‍ രാത്രി വൈകിയും പ്രതിഷേധം നടക്കുകയാണ്. സംഘർഷം അക്രമത്തിലേക്ക് വഴിമാറിയ സ്ഥലങ്ങളില്‍ പൊലീസ് ലാത്തി വീശി. വിവിധ സ്ഥലങ്ങളിലെ സംഘർഷത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കും പ്രവർത്തകർക്കും പരിക്കേറ്റിട്ടുണ്ട്.