തിരുവനന്തപുരം: തലസ്ഥാന ജില്ലയില്‍ അടുത്ത മൂന്നാഴ്ച കൊവിഡ് വൻതോതിൽ കൂടാൻ സാധ്യതയെന്ന് ജില്ലാ കലക്ടർ നവജോത് ഖോസ. 12,000 പേരാണ് ജില്ലയില്‍ കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. ഇതില്‍ 95 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗികളിൽ 15 ശതമാനത്തിന് മാത്രമാണ് രോഗലക്ഷണമുള്ളത് എന്ന വസ്‌തുത ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ്. കൊവിഡ് വ്യാപനം കുറയ്‌ക്കാൻ പത്ത് ദിവസത്തെ ആക്ഷൻ പ്ലാൻ കൊണ്ടാകുമെന്നും കലക്‌ടര്‍ പറഞ്ഞു.
മരണ നിരക്ക് പരമാവധി കുറയ്ക്കുക, രോഗമില്ലാത്ത സ്ഥലങ്ങളിൽ സമൂഹ വ്യാപനം തടയുക എന്ന നിലയിലാണ് ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നത് . ജനങ്ങളുടെ പങ്കാളിത്തത്തോടെ രോഗവ്യാപനം തടയുക എന്നതാണ് ലക്ഷ്യം. ഓരോ വാര്‍ഡുകളിലും മെമ്പർമാരുടെ നേതൃത്യത്തിൽ കൊവിഡ് നിയന്ത്രണ സമിതികൾ രൂപീകരിക്കും. ഇതിൽ ഹെൽത്ത്, പൊലീസ്, സാമൂഹിക ക്ഷേമം എന്നിവയിലെ ഉദ്യോഗസ്ഥർ ഉണ്ടാകും. ഓഗസ്റ്റ് 31നുള്ളിൽ എല്ലാ വാർഡുകളിലും സമിതി രൂപീകരിക്കുമെന്നും കലക്‌ടര്‍ നവജോത് ഖോസ പറഞ്ഞു.