തിരുവനന്തപുരം: അരുവിക്കര ഡാം തുറന്നത് അറിയിച്ചില്ലെന്ന മേയറുടെ ആരോപണം നിഷേധിച്ച് തിരുവനന്തപുരം ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ. പ്രോട്ടോക്കോൾ പ്രകാരം നഗരസഭ അടക്കം എല്ലാവരെയും അറിയിച്ചാണ് ഡാം തുറന്നത്. മുന്നറിയിപ്പും നൽകിയിരുന്നു. വീഴ്ച പറ്റിയിട്ടില്ല. എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് ഡാമുകൾ തുറന്നത്. വെള്ളപ്പൊക്കത്തിന് കാരണം ഡാം തുറന്നതല്ല. കനത്ത മഴയാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ലഭിച്ചത്. എന്തുകൊണ്ടാണ് മേയർ ഇത്തരത്തില്‍ പ്രതികരിച്ചതെന്ന് അറിയില്ലെന്നും കലക്ടർ പറഞ്ഞു.
ഡാം തുറക്കുന്ന കാര്യം ജില്ലാ ഭരണകൂടം അറിയിച്ചില്ലെന്ന് തിരുവനന്തപുരം മേയർ കെ.ശ്രീകുമാർ ആരോപിച്ചിരുന്നു. ഇതേ തുടർന്ന് കിള്ളിയാറിന്‍റെയും കരമനയാറിന്‍റെയും തീരത്ത് താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാനോ മാറ്റി പാർപ്പിക്കാനോ കഴിഞ്ഞില്ല. ഗുരുതരമായ വീഴ്ചയാണ് ജില്ലാ ഭരണകൂടത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായതെന്നും മേയര്‍ ആരോപിച്ചിരുന്നു.