തിരുവനന്തപുരം: പ്രതിസന്ധി രൂക്ഷമായതോടെ സമഗ്രമായ പുനരുജ്ജീവന പാക്കേജ് വേണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ കയർ സഹകരണ സംഘങ്ങൾ. ലോക്ക് ഡൗണിന് പുറമെ ന്യായവില ലഭിക്കാത്തതും ഇവരെ അടച്ചു പൂട്ടലിന്‍റെ വക്കിൽ എത്തിച്ചിരിക്കുകയാണ്.
ഒരു കാലത്ത് നൂറിലേറെ സഹകരണ സംഘങ്ങളും ആയിരത്തിലേറെ തൊഴിലാളികളും ജില്ലയിലെ കയർ മേഖലയിൽ പ്രവർത്തിച്ചിരുന്നു. എന്നാൽ കാലം മാറിയതോടെ തൊഴിലാളികൾ മറ്റു തൊഴിലുകൾ തേടിപ്പോയി. ഇതോടെ തൊഴിലാളി ക്ഷാമം മൂലം പല സംഘങ്ങളും അടച്ചു പൂട്ടി. ബാക്കിയുള്ളവയിൽ നാമമാത്ര തൊഴിലാളികൾ മാത്രമാണ് ഉള്ളത്.
പുതുതലമുറയിൽ നിന്ന് ആരും തന്നെ കയര്‍ മേഖലയിലേക്ക് കടന്നു വരുന്നില്ല. കൂലി ഇല്ലാത്തതാണ് അവരെ പിന്നോട്ട് വലിക്കുന്നത്. 350 രൂപയാണ് കയർ പിരി തൊഴിലാളികളുടെ ദിവസക്കൂലിയായി നിശ്ചയിച്ചിട്ടുള്ളത്. എന്നാൽ പരമ്പരാഗത റാട്ടിൽ ഒരു ദിവസം അഞ്ച് കിലോ കയർ പിരിച്ചാലെ ഈ പണം ലഭിക്കൂ. അത് പലപ്പോഴും നടക്കാറില്ല. മൂന്ന് കിലോ കയർ വരെയാണ് ഒരാൾക്ക് പരമാവധി പിരിക്കാൻ കഴിയുക. അങ്ങനെ 175 രൂപയാണ് ഒരു ദിവസത്തെ കൂലിയായി അവർക്ക് കിട്ടുക.
തൊഴിലാളി ക്ഷാമത്തിന് പുറമെ കയറിന്‍റെ ഉല്‍പാദനം കുറഞ്ഞതും നല്ല വില ലഭിക്കാത്തതുമാണ് സഹകരണ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികൾ. ദൈനംദിന ചെലവുകൾക്ക് പോലും പണം ഇല്ലാത്ത അവസ്ഥയിലാണവർ. സർക്കാരിന്‍റെ ഭാഗത്ത് നിന്ന് കാര്യമായ സഹായം ഒന്നും ലഭിക്കുന്നില്ല. കയർ മേഖലയുടെ സംരക്ഷണത്തിന് സമഗ്രമായ ഒരു പാക്കേജാണ് അവരുടെ ആവശ്യം. ഇതിലൂടെ തകർന്നു പോകുന്ന കയര്‍ മേഖലയെ കൈ പിടിച്ചുയർത്താൻ കഴിയുമെന്നും അവർ പറയുന്നു.