തിരുവനന്തപുരം: തീരദേശ പരിപാലന നിയമ ഭേദഗതി നിർദ്ദേശങ്ങൾ കേന്ദ്രത്തിനയക്കുന്നതിൽ ഒച്ചിഴയുന്ന വേഗമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒച്ചിഴയൽ നമ്മുടെ സംവിധാനത്തിൻ്റെ ഭാഗമായിപ്പോയെന്ന് മുഖ്യമന്ത്രിയും വിമർശിച്ചു. നിയമസഭയിലെ ചോദ്യോത്തര വേളയിലായിരുന്നു ഇരുവരുടെയും പരാമർശങ്ങൾ.
2019 ൽ കേന്ദ്ര സർക്കാരിൻ്റെ നിർദ്ദേശം വന്ന് ആറു മാസങ്ങൾക്കകം സംസ്ഥാന സർക്കാരിൻ്റെ ഭേദഗതി നിർദ്ദേശങ്ങൾ അറിയിക്കേണ്ടിയിരുന്നു. മൂന്നു വർഷമായിട്ടും ഇത് നടന്നിട്ടില്ല. അനുമതി ലഭിക്കാത്തതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് വീടുവയ്ക്കാൻ സാധിച്ചിട്ടില്ല. പ്രതിപക്ഷം അന്വേഷിച്ചപ്പോൾ നടപടിക്രമങ്ങൾ ഒച്ചിഴയുന്ന വേഗത്തിലാണ് പോകുന്നതെന്നും വിഡി സതീശൻ പറഞ്ഞു.
അതേസമയം ഒച്ചിഴയൽ വേഗം പുതുതായി ആർജ്ജിച്ച സ്വഭാവമല്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അത് പണ്ടേ നമ്മുടെ കൂടെയുള്ളതാണ്. നമ്മുടെ കൂടപ്പിറപ്പായിട്ടുള്ള ദുസ്വഭാവത്തിൻ്റെ ഭാഗമായി കിടക്കുന്നതാണ്.
ഭേദഗതി നിർദ്ദേശങ്ങൾ പഠിക്കാനുള്ള വിദഗ്‌ദ സമിതിയുടെ റിപ്പോർട്ട് ക്യാബിനറ്റിൽ വയ്‌ക്കേണ്ടതാണ്. ഇപ്പോഴും റിപ്പോർട്ട് ക്യാബിനറ്റിലേക്ക് പോകാറായിട്ടില്ല. അത്തരം കാര്യങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിലുണ്ടെന്നും ആവശ്യമായ തിരുത്തലും നടപടിയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.