തിരുവനന്തപുരം: കേരള മെഡിക്കൽ-എഞ്ചിനീയറിങ്-ഫാർമസി പ്രവേശന പരീക്ഷ വ്യാഴാഴ്ച തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദ്യാർഥികളുടെ പൂർണ സുരക്ഷ ഉറപ്പാക്കിയും രക്ഷിതാക്കളുടെ ആശങ്ക അകറ്റിയും പരീക്ഷ നടത്തും. കണ്ടെയ്ൻമെൻ്റ് സോൺ, ഹോട്ട്‌സ്‌പോട്ടുകൾ, ട്രിപ്പിൾ ലോക്ക് ഡൗൺ മേഖലകളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരീക്ഷ കേന്ദ്രങ്ങൾ ഒരുക്കും. പരീക്ഷ കേന്ദ്രങ്ങൾ പരീക്ഷക്ക് മുൻപും ശേഷവും ഫയർഫോഴ്‌സ് അണുവിമുക്തമാക്കും. പരീക്ഷ കേന്ദ്രങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. ഇതര സംസ്ഥാനങ്ങളിൽ നിന്നും ക്വാറൻ്റീനിൽ നിന്നും എത്തുന്നവർക്ക് പ്രത്യേക പരീക്ഷാ മുറി ഒരുക്കും. ഇതര സംസ്ഥാനത്ത് നിന്നുള്ള വിദ്യാർഥികൾക്ക് ഇ-ജാഗ്രത പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ഷോട്ട് വിസിറ്റ് പാസ് എടുക്കണം.
തിരുവനന്തപുരത്തെ കൊവിഡ് സൂപ്പർ സ്പ്രെഡ് മേഖലയിൽ നിന്നുള്ള 70 വിദ്യാർഥികൾക്ക് വലിയതുറ സെൻ്റ്.ആൻ്റണിസ് എച്ച്.എസ്.എസിൽ പരീക്ഷക്ക് സൗകര്യം ഒരുക്കും. ഡൽഹിയിൽ പരീക്ഷ കേന്ദ്രത്തിന് അനുമതി ലഭിക്കാത്ത സാഹചര്യത്തിൽ ഫരീദബാദിലെ ജെ.സി ബോസ് യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ പ്രത്യേക കേന്ദ്രം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലും ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലായി 1,10250 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്.