തിരുവനന്തപുരം : മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റ മോൻസൺ മാവുങ്കലിൻ്റെ വീട് സന്ദർശിച്ചത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ബെഹ്റ പുരാവസ്‌തുക്കൾ കണ്ട ശേഷമുണ്ടായ സംശയത്തെ തുടർന്നാണ് ഇന്‍റലിജൻസ് അന്വേഷണത്തിന് നിർദേശിച്ചത്.
സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച കേസിൽ അന്വേഷണം ആവശ്യമായതുകൊണ്ടാണ് ഇഡിയോട് ആവശ്യപ്പെട്ടത്. പുരാവസ്‌തു തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്നും മുഖ്യമന്ത്രി സഭയിൽ പറഞ്ഞു.
'തട്ടിപ്പിന് ആര് കൂട്ട് നിന്നാലും കർശന നടപടി'
അന്വേഷണം എവിടെയൊക്കെ എത്തണമോ അവിടെയൊക്കെ എത്തും. തട്ടിപ്പിന് ആര് കൂട്ട് നിന്നാലും കർശന നടപടിയുണ്ടാകും. ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിന് ഇരയായിട്ടുണ്ടെങ്കിൽ പരാതി ലഭിച്ചാൽ അന്വേഷിക്കും.
അതോടൊപ്പം ഏതെങ്കിലും രാഷ്ട്രീയ നേതാക്കൾ തട്ടിപ്പിന് കൂട്ടുനിന്നിട്ടുണ്ടെങ്കിലും അന്വേഷണ പരിധിയിൽ വരുമെന്നും കെ സുധാകരൻ്റെ പേര് പരാമർശിക്കാതെ മുഖ്യമന്ത്രി വ്യക്തമാക്കി.
'കൊക്കൂൺ മീറ്റിൽ മോൻസൺ മാവുങ്കൽ പങ്കെടുത്തതിന് രേഖയില്ല'
പുരാവസ്‌തു വ്യാജനാണോ എന്ന് പരിശോധിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള പൊലീസിന്‍റെ സൈബർ ഡോം സംഘടിപ്പിച്ച കൊക്കൂൺ മീറ്റിൽ മോൻസൺ മാവുങ്കൽ പങ്കെടുത്തതിന് രേഖകളില്ല. ഐടി വിദഗ്‌ധരാണ് യോഗത്തിൽ പങ്കെടുത്തത്. രജിസ്റ്ററിൽ മോൻസണിന്‍റെ പേരില്ലെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
READ MORE: മോന്‍സണ്‍ മാവുങ്കലിന്‍റെ പക്കലുള്ള ശബരിമല ചെമ്പോല വ്യാജമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ