തിരുവനന്തപുരം: അഞ്ച് വര്‍ഷത്തിനിടെ ആദ്യമായി ക്ലിഫ് ഹൗസിന്‍റെ വാതില്‍ മാധ്യമങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നിട്ടു. വീട്ടിലിരുന്നുള്ള എല്‍ഡിഎഫിന്‍റെ വിജയാഹ്ളാദ പ്രകടനത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായിട്ടായിരുന്നു അത്. 2016ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ശേഷം ഇതാദ്യമായാണ് മുഖ്യമന്ത്രി ഔദ്യോഗിക വസതിയിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് പുറമെ അദ്ദേഹത്തിന്‍റെ ഭാര്യയും കൊച്ചുമകനും മറ്റ് കുടുംബാംഗങ്ങളുമെല്ലാം ക്ലിഫ് ഹൗസില്‍ വിജയാഹ്ളാദത്തിന്‍റെ ഭാഗമായി മെഴുകുതിരി തെളിച്ചു. ചടങ്ങ് പകര്‍ത്താന്‍ ക്ലിഫ് ഹൗസില്‍ മാധ്യമങ്ങളെ പ്രവേശിപ്പിക്കുക മാത്രമല്ല... അവര്‍ക്കായി പായസവും വിതരണം ചെയ്‌തു.
നിര്‍ണായകമായ പല ചര്‍ച്ചകളും കൂടിക്കാഴ്ചകളും പകര്‍ത്താന്‍ മാധ്യമങ്ങള്‍ ക്ലിഫ് ഹൗസിന് മുന്നിലെത്തിയിരുന്നെങ്കിലും ഒരിക്കല്‍ പോലും ക്ലിഫ് ഹൗസിന്‍റെ പ്രധാന കവാടം മാധ്യമങ്ങള്‍ക്ക് തുറന്ന് നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിരുന്നില്ല. ഭരണത്തുടര്‍ച്ച വേണമെന്ന കേരള ജനതയുടെ തീരുമാനത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചായിരുന്നു ഇന്നത്തെ ആഘോഷങ്ങളെല്ലാം. അതില്‍ പങ്കുചേരാന്‍ മാധ്യമങ്ങളെയും തന്‍റെ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിപ്പിക്കാന്‍ മുഖ്യമന്ത്രി തയ്യറായി എന്നത് ഏറെ ശ്രദ്ധേയമാണ്.
മുന്‍ മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടി, വി.എസ് അച്യുതാനന്ദന്‍, എ.കെ ആന്‍റണി, ഇ.കെ നായനാര്‍ എന്നിവരുടെ കാലത്ത് മാധ്യമങ്ങള്‍ക്ക് ക്ലിഫ് ഹൗസില്‍ പ്രവേശനം അനുവദിച്ചിരുന്നു. എന്നാല്‍ പിണറായി വിജയന്‍ ഒരു തവണ പോലും അതിന് തയ്യാറായിരുന്നില്ല. പൊതുവെ മാധ്യമങ്ങളില്‍ നിന്ന് അകലം പാലിച്ചിരുന്ന പിണറായി വിജയന്‍ തുടര്‍ഭരണത്തിന് ജനകീയ അംഗീകാരം ലഭിച്ചതോടെയാണ് സമീപനത്തില്‍ അല്‍പം മാറ്റം വരുത്താന്‍ തയ്യാറായിരിക്കുന്നത് എന്നതും കൗതുകം പകരുന്നു.
Also read: ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും ചരിത്ര വിജയം ആഘോഷിച്ച് എല്‍ഡിഎഫ്