തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ചാല സര്‍ക്കിളിലെ ഒരുവിഭാഗം ശുചികരണ തൊഴിലാളികള്‍ ഓണസദ്യ മാലിന്യത്തില്‍ വലിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ജോലി ഒഴിവാക്കി ഓണമാഘോഷിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സദ്യ മാലിന്യത്തില്‍ എറിഞ്ഞത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
നഗരസഭ സര്‍ക്കിള്‍ ഓഫിസുകളില്‍ ഇന്നലെയായിരുന്നു ഓണാഘോഷം. ഓഫിസ് പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തില്‍ വേണം ആഘോഷം സംഘടിപ്പിക്കാനെന്ന് സെക്രട്ടറിയുടെ നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ തൊഴിലാളികള്‍ രാവിലെ ആഘോഷം തുടങ്ങാനൊരുങ്ങിയപ്പോള്‍ ജോലി കഴിഞ്ഞ് ആഘോഷം മതിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്‌ടര്‍ നിര്‍ദേശിച്ചു.
ഇതാണ് തൊഴിലാളികളെ പ്രകോപിപിച്ചത്. മുപ്പതോളം പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണമാണ് സിഐടിയുവിന്‍റെ കീഴിലുള്ള ഒരുവിഭാഗം ജീവനക്കാര്‍ നശിപ്പിച്ചത്. ഓണാഘോഷം തടയാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചതിലുള്ള പ്രതിഷേധമെന്നാണ് യൂണിയന്‍റെ ന്യായീകരണം.