തിരുവനന്തപുരം: മാതമംഗലത്ത് സിഐടിയു ഒരു കടയും പൂട്ടിച്ചിട്ടില്ലെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്‍റ് ആനത്തലവട്ടം ആനന്ദൻ. അനാവശ്യ സമരങ്ങൾ തങ്ങൾ നടത്താറില്ലെന്നും നിയമവിരുദ്ധമായി കട പ്രവർത്തിപ്പിക്കാൻ ശ്രമം നടന്നതാണ് തൊഴിലാളികൾ എതിർക്കാൻ കാരണമെന്നും ആനത്തലവട്ടം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഒരു പ്രദേശത്തെ കയറ്റിറക്ക് അവിടെയുള്ള തൊഴിലാളികളാണ് ചെയ്യേണ്ടത്. അതേ സമയം കയറ്റിറക്ക് നിയമത്തിന് എതിരായ ഹൈക്കോടതി വിധി അംഗീകരിക്കാൻ കഴിയില്ലെന്നും തൊഴിലാളികൾക്ക് നിയമ പരിരക്ഷ ഒരുക്കാൻ ശ്രമിക്കുമെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.
മാളുകൾ പോലയുള്ളവ സ്പെഷ്യൽ ഇക്കണോമിക്ക് സോണിൽ ഉൾപ്പെടുന്നതാണ്. കയറ്റിറക്ക് നിയമം അവിടെ ബാധകമല്ല. എന്നാൽ അവിടെയുള്ള തൊഴിലാളികൾക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ ഇടപെടുമെന്നും ആനത്തലവട്ടം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേന്ദ്ര ബജറ്റിനെതിരെ സംയുക്ത പ്രതിഷേധം, മാർച്ച് മാസം ദ്വിദിന ദേശീയ പണിമുടക്ക്
കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ ബജറ്റിനെതിരെ ഈ മാസം 25ന് അഖിലേന്ത്യ പ്രതിഷേധം സംഘടിപ്പിക്കും. ഒപ്പം മാർച്ച് 28, 29 തീയതികളിൽ ഇടതു യൂണിയനുകൾ സംയുക്തമായി ദ്വിദിന ദേശീയ പണിമുടക്ക് നടത്തും.
സിഐടിയു, കർഷക സംഘം, കെഎസ്കെടിയു എന്നീ സംഘടനകൾ ചേർന്നാണ് പണിമുടക്കുക. തൊഴിലാളി വിരുദ്ധ നയങ്ങൾ, കർഷകരോടുള്ള അവഹേളനം, പൊതുമേഖല സ്ഥാപനം വിറ്റഴിക്കൽ തുടങ്ങിയ കേന്ദ്രത്തിൻ്റെ നടപടികളെ എതിർത്തു കൊണ്ടാണ് ദേശീയ തലത്തിൽ പണിമുടക്കെന്നും ആനത്തലവട്ടം പറഞ്ഞു.
READ MORE: തൊഴിൽ നിഷേധിക്കുവെന്ന് ആരോപണം; അനിശ്ചിതകാല സമരവുമായി സിഐടിയു തൊഴിലാളികള്‍