തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 50 ശതമാനം വർധനവാണ് ബസ് ചാർജിൽ വരുത്തുന്നത്. കിലോമീറ്ററിന് 70 പൈസ എന്നത് ഒരു രൂപ പത്ത് പൈസ എന്ന നിരക്കിലേക്ക് മാറും. സാമൂഹിക അകലം പാലിക്കുന്നതിനാൽ ബസുകളിൽ പകുതി സീറ്റിൽ മാത്രമാണ് യാത്രക്കാരെ അനുവദിക്കുക. ഇത്തരത്തിൽ ഉണ്ടാകുന്ന അധിക ബാധ്യത ഒഴിവാക്കാനാണ് ചാർജ് വർധനവ്.
കോവിഡ് കാലത്തേക്ക് മാത്രമായാണ് സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചിരിക്കുന്നത്. യാത്ര ഇളവുകൾ ഉള്ളവർ അധിക ചാർജ് ഉൾപ്പെടുത്തിയുള്ള നിരക്കിന്‍റെ 50 ശതമാനം നൽകണം. ബോട്ട് യാത്രാ ചാർജിൽ 33 ശതമാനം വർധനവ് വരുത്തും. നഷ്ടം ഒഴിവാക്കാൻ പ്രായോഗമായി സ്വീകരിക്കാവുന്ന നടപടിയെന്ന നിലയിലാണ് വർധനവ് വരുത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബുധനാഴ്ച മുതലാണ് ജില്ലകൾക്കുള്ളിൽ ബസ് സർവീസ് ആരംഭിക്കുക.