തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് ഒന്ന് മുതൽ ബസ് ചാർജ് വർധനവ് പ്രാബല്യത്തിൽ വരുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മെയ് ഒന്ന് മുതൽ ഓട്ടോ, ടാക്‌സി, ബസ് ചാർജ് വർധന പ്രാബല്യത്തിൽ വരുന്ന വിധത്തിൽ ഉത്തരവിറക്കും. മുൻനിശ്ചയിച്ച നിരക്കിൽ നിന്നും നേരിയ വ്യത്യാസം ഉണ്ടാകുമെന്നും മന്ത്രി സൂചന നൽകി.
കഴിഞ്ഞ ദിവസം കൂടിയ മന്ത്രിസഭ യോഗം ബസ് ചാർജ് വർധന വിഷയം പരിഗണിക്കുമെന്ന് താൻ പറഞ്ഞിട്ടില്ല, മാധ്യമങ്ങളിലൂടെയാണ് താൻ ഇക്കാര്യം അറിഞ്ഞത്. അതേസമയം, വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് വർധന സംബന്ധിച്ച പഠനത്തിനായി ഒരു കമ്മിഷനെ നിയോഗിക്കേണ്ടതുണ്ട്. അതിന് ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നിലവിൽ കെഎസ്ആർടിസിയിൽ ശമ്പള വിതരണത്തിൽ പ്രതിസന്ധിയുണ്ട്. ശമ്പള പരിഷ്‌കരണവും ഇന്ധനവില വർധനവും മൂലം ഒരു മാസം അധികമായി 60 കോടി രൂപ കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇന്ധന വിലവർധനവാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.
Read more: നിരക്ക് വര്‍ധനവില്‍ ധാരണ ; സ്വകാര്യ ബസ് സമരം പിൻവലിച്ചു
ദ്വിദിന പണിമുടക്കിൽ വൻ നഷ്‌ടമാണുണ്ടായത്. കൂടാതെ സംഘടനകളുടെ സമ്മേളനവും ട്രിപ്പ് മുടക്കി. ധനവകുപ്പ് ക്ലിയറൻസ് കിട്ടിയാൽ ഉടൻ ശമ്പളം നൽകുമെന്നും മന്ത്രി അറിയിച്ചു.