തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച വൈദികന്‍റെ മൃതദേഹം വട്ടിയൂർക്കാവ് മലമുകളിലെ സെമിത്തേരിയിൽ സംസ്കരിച്ചു. നാട്ടുകാരുടെ രണ്ടു ദിവസം നീണ്ട പ്രതിഷേധങ്ങൾക്കൊടുവിലാണ് ഇന്ന് ഉച്ചയ്ക്ക് 2.30 ന് മൃതദേഹം സംസ്കരിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മതാചാരപ്രകാരമായിരുന്നു ചടങ്ങുകൾ. ഓർത്തഡോക്സ് സഭയുടെ നാലാഞ്ചിറ ഇടവകയിലെ ഫാ. കെ.ജി വർഗ്ഗീസാണ് മരിച്ചത്.
മലമുകൾ ഓർത്തഡോക്സ് സെമിത്തേരിയിൽ ഇന്നലെ സംസ്കാരം നടത്താൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടപടിയാരംഭിച്ചപ്പോൾ നാട്ടുകാർ എതിർപ്പുമായെത്തുകയായിരുന്നു. സ്ഥലത്ത് സംസ്കാരം നടത്തുന്നതിന് കോടതിയുടെ വിലക്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ എതിർത്തത്. തുടർന്ന് ഇന്നു രാവിലെയും സ്ത്രീകളടക്കമുള്ള സംഘം പ്രതിഷേധവുമായെത്തി.
വി.കെ പ്രശാന്ത് എം.എൽ.എയും മേയർ കെ ശ്രീകുമാറും സ്ഥലം സന്ദർശിച്ചിരുന്നു. പ്രദേശവാസികളുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയ കുടിവെള്ളമടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കുമെന്നും വ്യക്തമാക്കിയ അധികൃതർ മൃതദേഹം സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കാൻ തീരുമാനിക്കുകയായിരുന്നു.