തിരുവനന്തപുരം : ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരമാണെന്നും കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരവിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹമെന്നും ഗവർണർ പറഞ്ഞു.
'ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും കേരളത്തിൽ ഏറ്റവുമധികം മഹലുകളുടെ 'ഖാദി' സ്ഥാനം അലങ്കരിച്ച മനുഷ്യ സ്നേഹിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണം അത്യന്തം ദുഃഖകരമാണ്. സൗമ്യമായ പെരുമാറ്റവും സാമുദായിക സൗഹാർദത്തോടെയുള്ള അളവറ്റ പ്രതിബദ്ധതയും കൊണ്ട് കേരളത്തിനകത്തും പുറത്തുമുള്ളവരുടെ ആദരവിന് പാത്രമായ വ്യക്തിയായിരുന്നു അദ്ദേഹം' - അനുശോചന സന്ദേശത്തിൽ ഗവർണർ പറഞ്ഞു.
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗം സാമൂഹ്യ സാംസ്കാരിക രംഗത്ത് വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. സമൂഹത്തിൽ പക്വതയോടെ ഇടപെടുന്ന അദ്ദേഹത്തിന് മത രാഷ്ട്രീയത്തിന് അപ്പുറം മുഴുവൻ കേരളത്തിന്‍റെയും ആദരവ് ലഭിച്ചിരുന്നുവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.