തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിനെ ദത്തുനല്‍കിയ സംഭവത്തില്‍ വകുപ്പുതല അന്വേഷണം സംബന്ധിച്ച റിപ്പോര്‍ട്ടിലെ ഉള്ളടക്കം പരിശോധിച്ച ശേഷം നടപടിയെന്ന് മന്ത്രി വീണ ജോര്‍ജ്. വനിത-ശിശു വികസന ഡയറക്‌ടര്‍ ടി.വി അനുപമ അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
സര്‍ക്കാര്‍ തലത്തില്‍ ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. അതിനുശേഷമേ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണം നടത്താന്‍ കഴിയൂ. വിഷയത്തില്‍ സൂക്ഷ്‌മമായ അന്വേഷണമാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്.
അത്തരമൊരു അന്വേഷണം തന്നെയാണ് നടന്നതെന്നാണ് സര്‍ക്കാരിന്‍റെ വിലയിരുത്തല്‍. ആരുടെ ഭാഗത്തെങ്കിലും വീഴ്‌ചയുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കുഞ്ഞ് അനുപമയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
പരിശോധനാഫലം സിഡബ്ല്യുസി കോടതിയെ അറിയിക്കും. കുഞ്ഞ് എത്രയും വേഗം അമ്മയുടെ അടുത്ത് എത്തണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു.
അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയതില്‍ സിഡബ്ല്യുസിയുടേയും ശിശുക്ഷേമ സമിതിയുടേയും ഭാഗത്തുണ്ടായത് വന്‍ വീഴ്‌ചയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുന്നത്.