തിരുവനന്തപുരം: ലോകായുക്തയെ വ്യക്‌തിപരമായി വിമർശിച്ച് ഫേസ്ബുക് പോസ്റ്റ് ഇട്ട മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ കോടതിയലക്ഷ്യ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹർജി. ലോയേഴ്‌സ് കോൺഗ്രസ് നേതാവ് അഡ്വ. രാജീവ് ചാരാച്ചിറയാണ് ലോകായുക്തയില്‍ ഹർജി നല്‍കിയത്.
ലോകായുക്തയെ വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ഫേസ്ബുക് പോസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് ഹർജി. സർക്കാർ തലത്തിൽ ഉണ്ടാക്കുന്ന അഴിമതിയിയും സ്വജനപക്ഷപാതവും തടയുവാനുള്ള ഏക ആശ്രയമാണ് ലോകായുക്ത. ഇതിനെതിരെ നിയമപരമായ തെളിവുകൾ പോലുമില്ലാതെ വിമർശനങ്ങൾ നടത്തുന്നത് കോടതിയലക്ഷ്യമെന്നാണ് ഹർജിയിലെ ആരോപണം.
ലോകായുക്തയെ വിമർശിച്ച ഹർജി എന്ന നിലയിൽ ഹർജി ഫയലിൽ സ്വീകരിക്കുന്ന കാര്യത്തിൽ പ്രത്യേക ബെഞ്ച് രൂപീകരിക്കണമോ എന്നത് സംബന്ധിച്ച് ലോകായുക്‌ത ചൊവ്വാഴ്‌ച തീരുമാനം എടുക്കും. കഴിഞ്ഞ ദിവസമാണ് ലോകായുക്തയെ വിമർശിച്ചുകൊണ്ട് കെ.ടി ജലീൽ ഫേസ്‌ബുക് പോസ്റ്റ് ഇട്ടത്. പ്രതിഫലം ലഭിച്ചാൽ ലോകായുക്ത എന്ത് കടുംകൈയും ചെയ്യുമെന്നായിരുന്നു ആരോപണം. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ പേര് എടുത്ത് പറയാതെയാണ് ജലീൽ വിമർശനം ഉന്നയിച്ചത്.
Also read: 'ഇടതു മുന്നണിയുടെ രണ്ടാം വരവ് തടയുകയായിരുന്നു ലക്ഷ്യം'; ലോകായുക്തയെ വിടാതെ കെ.ടി ജലീൽ