തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്. രാവിലെ 11 മണിക്കാണ് യോഗം. രോഗ പ്രതിരോധ പ്രവർത്തനങ്ങളിൽ പ്രതിപക്ഷത്തിന് പിന്തുണ ഉറപ്പിക്കാനാണ് സർക്കാർ യോഗം വിളിച്ചത്.
തങ്ങളുമായിമായി യാതൊരു കൂടിയാലോചനക്കും സർക്കാർ തയാറാകുന്നില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തും. പ്രവാസികൾക്ക് ക്വാറന്‍റൈന് പണമെന്ന സർക്കാർ തീരുമാനത്തിനെതിരായ പ്രതിഷേധവും യോഗത്തിലുണ്ടാകും. കൊവിഡ് പരിശോധന വളരെ കുറവാണെന്നാണ് പ്രതിപക്ഷ അഭിപ്രായം. ഇക്കാര്യത്തിൽ വിശദമായ ചർച്ച ഇന്നത്തെ സർവകക്ഷി യോഗത്തിൽ നടക്കും.
സംസ്ഥാനം സാമൂഹിക വ്യാപനത്തിന്‍റെ വക്കിലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രതിപക്ഷത്തെ കൂടി ഉൾപ്പെടുത്തി പ്രതിരോധ പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യം. എന്നാൽ ഏകോപനം ഇല്ലാതെയാണ് സർക്കാർ പ്രവർത്തനം എന്ന വിമർശനം പ്രതിപക്ഷം യോഗത്തിൽ ഉന്നയിക്കും.