തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ് മതാധിഷ്ഠിത ചേരിയുമായി കൂട്ടുകെട്ടിലാണെന്ന് ആവർത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തദ്ദേശ തെരഞ്ഞെടുപ്പില്‍ തുടർന്ന മതാധിഷ്ഠിത സഖ്യം കോൺഗ്രസ് ഇപ്പോഴും തുടരുകയാണെന്നും എ. വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.
ജമാഅത്തെ ഇസ്ലാമിയുമായുള്ള തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്‍റെ കൂട്ട് കെട്ട് പുറത്തറിഞ്ഞു. അതു കൊണ്ടാണ് ജനം കോണ്‍ഗ്രസിനെ തിരസ്കരിച്ചത്. തീവ്രഹിന്ദുത്വം പറയുന്ന സംഘ പരിവാറിനെ എതിർക്കുന്നതിന് പകരം മതമൗലികമായ മറ്റൊരു മുന്നണിയുണ്ടാക്കുകയാണ് കോൺഗ്രസ്. സിപിഎം ഒരു ഘട്ടത്തിലും ഇത്തരം നിലപാട് എടുത്തിട്ടില്ല. എന്നാൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്ന സിപിഎമ്മിനെ ജമാഅത്തെ ഇസ്ലാമി വർഗീയ വാദികളാക്കുന്നുവെന്നും വിജയരാഘവൻ പറഞ്ഞു.
ബിജെപിക്ക് വോട്ട് ചെയ്യുന്ന കോൺഗ്രസ് നിലപാടിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നു. ഈ നിലപാടിന് പിന്നിൽ വ്യക്തമായ അജണ്ടയുണ്ട്. കോൺഗ്രസിന്‍റെ പാരമ്പര്യത്തെ തള്ളിക്കളഞ്ഞാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം ഉണ്ടാക്കിയത്. ദേശീയ നേതൃത്വത്തിന്‍റെ നിലപാടു പോലും ഇവിടെ തള്ളിക്കളഞ്ഞു. വർഗീയ പാർട്ടികൾക്ക് സഹായം ചെയ്യുന്ന ഉമ്മൻചാണ്ടിയുടെ നിലപാടിനെ തുറന്നുകാട്ടുന്ന സിപിഎമ്മിനെ വർഗീയവാദി ആക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ ജനങ്ങൾ ഇത് അംഗീകരിക്കില്ല. എന്തിനാണ് ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം എന്നതിനും, വോട്ടുകള്‍ ബിജെപിക്ക് കൊടുക്കുന്നത് എന്തിനാണുമെന്നുമുള്ള ചോദ്യങ്ങൾക്ക് കോൺഗ്രസ് ഉത്തരം നൽകുന്നില്ലെന്നും വിജയരാഘവൻ പറഞ്ഞു.
കര്‍ഷക സമരത്തിനെതിരെ കേന്ദ്ര സർക്കാർ പിന്തുടരുന്നത് സമരത്തെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിയാണെന്നും വിജയരാഘവൻ ആരോപിച്ചു. ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ ജനങ്ങൾക്കായി ഒന്നും ചെയ്യുന്നില്ല. വർഗീയതയല്ലാതെ ഒന്നും ബിജെപിയുടെ കൈയിലില്ല. ഇതിനെതിരെ ഫെബ്രുവരി ആറിന് ഇടതുമുന്നണി പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ. വിജയരാഘവൻ തിരുവനന്തപുരത്ത് പറഞ്ഞു.