തിരുവനന്തപുരം: മുസ്ലീം ലീഗിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാര്‍ സിപിഎം ആണെന്ന ലീഗ് നേതാക്കളുടെ വിചിത്രമായ പ്രസ്‌താവന അത്യന്തം പരിഹാസ്യമെന്ന് എ.വിജയരാഘവന്‍. അധികാരം കിട്ടിയപ്പോള്‍ അഴിമതിയിലൂടെ കണ്ടെത്തിയ പണം വിനിയോഗിക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് നടക്കുന്നത്. ലീഗിലെ ഈ പ്രശ്‌നത്തിനെ സിപിഎമ്മുമായി ബന്ധിപ്പിക്കേണ്ടെന്നും ലീഗിനകത്ത് അഗാധമായ പ്രതിസന്ധിയാണെന്നും എ.വിജയരാഘവന്‍ പറഞ്ഞു.
വലിയ അഭിപ്രായ വ്യത്യാസം നേതാക്കള്‍ക്കിടയില്‍ ഉണ്ട്. ഈ വസ്തുത മറച്ച് വച്ച് ഇടതു മുന്നണിക്ക് നേരെ ആക്രമണം എന്ന് പറഞ്ഞ് തടി തപ്പാന്‍ കഴിയില്ല. ഇടതു സര്‍ക്കാരിന്‍റെ ന്യൂനപക്ഷ വേട്ട എന്ന ന്യായമാണ് ഇപ്പോള്‍ പറയുന്നത്. ഇത് വാര്‍ത്തകള്‍ കാണുന്നവരെ അപഹസിക്കുന്നതാണ്. അധികാരം കിട്ടാത്തതിലെ നിരാശ തീര്‍ക്കുന്നതാണിത്. ഇതിനെ ജനം പുച്ഛിച്ച് തള്ളുമെന്നും എ വിജയരാഘവൻ പ്രതികരിച്ചു.
ലീഗിലെ പ്രശ്‌നങ്ങളില്‍ കോണ്‍ഗ്രസ് നിശബ്ദമാണ്. ഭാവിയില്‍ കോണ്‍ഗ്രസിലും പ്രശ്‌നങ്ങളുണ്ടാകും. യുഡിഎഫില്‍ രൂപംകൊള്ളാന്‍ പോകുന്ന പ്രതിസന്ധികളുടെ തുടക്കമാണ് ലീഗില്‍ കണ്ടത്. വിഷയത്തില്‍ സിപിഎമ്മിന് രാഷ്ട്രീയ നിലപാടാണെന്നും വിജയരാഘവന്‍ പറഞ്ഞു.
READ MORE: ലീഗിലേത് അഴിമതി പണം സംബന്ധിച്ച തര്‍ക്കം: എ.വിജയരാഘവൻ