തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ്‌ടു പൊതുപരീക്ഷകൾക്ക് 70 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്ന് തന്നെയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എല്ലാ കുട്ടികള്‍ക്കും മികവിന് അനുസരിച്ച് സ്‌കോര്‍ നേടാനാണിത്. 70 ശതമാനവും ഫോക്കസ് ഏരിയയില്‍ നിന്നും ചോദ്യം വരുന്നതുകൊണ്ട് കുട്ടികൾക്ക് മാർക്ക് കുറയില്ലെന്ന് മന്ത്രി രേഖാമൂലം നിയമസഭയിൽ അറിയിച്ചു.
ശരാശരി നിലവാരം പുലർത്തുന്ന കുട്ടിക്കും പിന്നാക്കം നിൽക്കുന്ന കുട്ടിക്കും ഏറെ മികവു പുലർത്തുന്ന കുട്ടിക്കും ഒരുപോലെ ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടുന്നതിനും മികവിന് അനുസൃതമായ സ്കോർ ലഭിക്കുന്നതിനും വേണ്ടിയാണ് 70 ശതമാനം ചോദ്യങ്ങൾ ഫോക്കസ് ഏരിയയിൽ നിന്നാക്കിയത്.
ഇതുകൂടാതെ ആകെ മാർക്കിൻ്റെ 50 ശതമാനം അധിക മാർക്കിനുള്ള ചോയ്‌സ് ചോദ്യപേപ്പറുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയ കുറഞ്ഞിട്ടില്ല. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫോക്കസ് ഏരിയയിലും നോൺ ഫോക്കസ് ഏരിയയിലും 50 ശതമാനം വീതം അധികം ചോദ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അഖിലേന്ത്യ തലത്തിലുള്ള മത്സര പരീക്ഷകൾക്കും മത്സരാധിഷ്‌ഠിതമായി പ്രവേശനം നടത്തുന്ന ഇതര സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കേരളത്തിലെ കുട്ടികൾക്ക് പ്രവേശനം ലഭിയ്ക്കുന്നതിന്, മുഴുവൻ പാഠഭാഗങ്ങളും അറിഞ്ഞിരിക്കേണ്ടത് അനിവാര്യമായതിനാലാണ് ഫോക്കസ് ഏരിയയ്ക്ക് പുറമേയുള്ള ഭാഗങ്ങൾ കൂടി പഠിക്കാൻ നിർദേശം നൽകിയിട്ടുള്ളതെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.