തിരുവനന്തപുരം : രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരം ജില്ലയിലെ 108 ആംബുലൻസ് ജീവനക്കാർ മിന്നൽ പണിമുടക്കിൽ. കൊവിഡ് ഡ്യൂട്ടിയിലുള്ള ആംബുലൻസുകൾ ഉൾപ്പെടെയാണ് പണിമുടക്കിയത്. കാർ കമ്പനിയായ ജിവികെഇഎംആർഐ ഫണ്ട് ഇല്ലെന്ന കാരണം പറഞ്ഞ് ശമ്പളം നിരസിക്കുന്നതായി ജീവനക്കാർ പറഞ്ഞു.
ഇരുപത്തിയെട്ട് 108 ആംബുലൻസുകളാണ് ജില്ലയിൽ സർവീസ് നടത്തുന്നത്. ഇതിൽ 15 എണ്ണം കൊവിൽ ഡ്യൂട്ടിയിലും പ്രവർത്തിക്കുന്നു. മറ്റ് മാർഗങ്ങൾ ഇല്ലാതെയാണ് ഈ സാഹചര്യത്തിൽ പണിമുടക്കിലേക്ക് കടക്കേണ്ടി വന്നതെന്നും ജീവനക്കാർ വ്യക്തമാക്കി. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ളവർ എത്താൻ തുടങ്ങിയതോടെ ഭൂരിഭാഗം പേരും 24 മണിക്കൂറും ഡ്യൂട്ടിയിലാണ്. പണിമുടക്കിയ തൊഴിലാളികളോട് ജില്ലാ മെഡിക്കൽ ഓഫിസർ ചർച്ച നടത്തി. രണ്ടുമാസത്തെ ശമ്പളം കുടിശിക തീർത്ത് നൽകണമെന്നും എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്നുമാണ് ജീവനക്കാരുടെ ആവശ്യം.