ETV Bharat / city

മനുഷ്യനും മൃഗവും ഏറ്റുമുട്ടുന്ന കാടിന്‍റെ നിയമം: പരിഹാരത്തിന് വഴിയൊരുങ്ങണം

author img

By

Published : Jun 10, 2020, 7:00 PM IST

Updated : Jun 12, 2020, 2:51 PM IST

മനുഷ്യന്‍റെ അത്യധ്വാനത്തിന്‍റെ ഫലമായുണ്ടാകുന്ന കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഇല്ലാതാക്കണമെന്ന വാദത്തിനും മൃഗങ്ങളെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന പരിസ്ഥിതി പ്രവർത്തകരുടെ വാദത്തിനും ഈ സാഹചര്യത്തില്‍ തുല്യ പ്രാധാന്യമാണ്.

wild animals and farmers  wild animals issue  farmers problem  കാട്ടാന ആക്രമണം  ആന ചെരിഞ്ഞ സംഭവം
ആന ചെരിഞ്ഞ സംഭവം; കാണാതെ പോകുന്ന നിയമവ്യവസ്ഥയുടെ പോരായ്‌മയും, കര്‍ഷകരുടെ ദുരിതവും

പാലക്കാട്: പാലക്കാട് അമ്പലപ്പാറയില്‍ തേങ്ങാപ്പടക്കം കടിച്ച് വായ തകർന്ന ശേഷം ദയനീയ മരണത്തിന് കീഴടങ്ങിയ കാട്ടാനയുടെ വാർത്ത രാജ്യം മുഴുവൻ ചർച്ച ചെയ്തതാണ്. വലിയ പ്രതിഷേധമാണ് കാട്ടാനയുടെ കൊലപാതകത്തില്‍ പ്രമുഖ രാഷ്ട്രീയ സാമൂഹിക പരിസ്ഥിതി പ്രവത്തകർ അടക്കം നടത്തിയത്. പ്രതിഷേധങ്ങളുടെ ഫലമായി കൃഷി സ്ഥലത്ത് തേങ്ങാപ്പടക്കം വെച്ചയാളെ അറസ്റ്റ് ചെയ്തു. മനുഷ്യനും കാട്ടുമൃഗങ്ങളും തമ്മിലുള്ള ഏറ്റമുട്ടലുകൾക്ക് മനുഷ്യോല്‍പ്പത്തിയോളം തന്നെ പഴക്കമുണ്ട്.

മനുഷ്യനും മൃഗവും ഏറ്റുമുട്ടുന്ന കാടിന്‍റെ നിയമം: പരിഹാരത്തിന് വഴിയൊരുങ്ങണം

കൃഷി ഉപജീവനമാക്കിയ മനുഷ്യനെ സംബന്ധിച്ച് കൃഷി നശിക്കുന്നതോ നശിപ്പിക്കുന്നതോ അവന്‍റെ ജീവനോളം തന്നെ വലുതാണ്. അതിനാല്‍ തന്നെ കൃഷി നശിപ്പിക്കാനെത്തുന്ന വന്യമൃഗങ്ങളെ തുരത്താൻ പല മാർഗ്ഗങ്ങളും അവൻ ഉപയോഗിക്കും. തീ കൂട്ടിയും പാട്ട കൊട്ടിയും കിടങ്ങുകൾ കുഴിച്ചും വേലി കെട്ടിയുമുള്ള പ്രതിരോധ മാർഗ്ഗങ്ങൾ മനുഷ്യൻ എല്ലാ കാലവും സ്വീകരിച്ചിട്ടുണ്ട്. പക്ഷേ അതിന്‍റെ മറവില്‍ കാടിന്‍റെ ആവാസ വ്യവസ്ഥ തകർക്കാനും മൃഗങ്ങളെ വേട്ടായാടാനുമുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ആനക്കൊമ്പ് വേട്ടയും ഇറച്ചിക്കും തോലിനും വേണ്ടി മൃഗങ്ങളെ വേട്ടയാടുന്നതും പരിധിയില്ലാതെ തുടരുകയാണ്. പക്ഷേ ഇതൊക്കെയാണെങ്കിലും വനമേഖലയോട് ചേർന്ന് ജീവിക്കുന്ന കർഷകർക്ക് കാട്ടുമൃഗങ്ങൾ എന്നും ഭീഷണി തന്നെയാണ്. അതോടൊപ്പം നൂലാമാലകൾ നിറഞ്ഞ വനംവന്യജീവി നിയമം കൂടിയാകുമ്പോൾ കർഷകൻ എന്നും ഭീതിയുടേയും കൃഷി നഷ്ടത്തിന്‍റെയും നടുവിലാണ്. മനുഷ്യന്‍റെ അത്യധ്വാനത്തിന്‍റെ ഫലമായുണ്ടാകുന്ന കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഇല്ലാതാക്കണമെന്ന വാദത്തിനും മൃഗങ്ങളെ കൊല്ലുന്നത് അനുവദിക്കാനാകില്ലെന്ന പരിസ്ഥിതി പ്രവർത്തകരുടെ വാദത്തിനും ഈ സാഹചര്യത്തില്‍ തുല്യ പ്രാധാന്യമാണ്.

കൃഷി നശിപ്പിക്കാനെത്തുന്ന ആനകളുടെയും, കാട്ടുപന്നികളുടെയും ആക്രമണത്തെ പ്രതിരോധിക്കാന്‍ കെണിയൊരുക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വന്യമൃഗങ്ങളുടെ ആക്രമണമുണ്ടായാല്‍ അവയെ വെടിവെച്ച് കൊല്ലാമെന്ന് നിയമമുണ്ട്. എന്നാല്‍ നിയമം സങ്കീര്‍ണമാണ്. ലൈസന്‍സുള്ള തോക്കുപയോഗിച്ച് കാട്ടുപന്നിയെ കൊല്ലാം. എന്നാല്‍ എല്ലാവര്‍ക്കും ഇത്തരത്തില്‍ തോക്ക് ഉപയോഗിക്കാന്‍ പറ്റില്ല. ഒരു ഫോറസ്‌ റേഞ്ച് പരിധിയിലുള്ള തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുള്ളവരും, പന്നിയെ കൊല്ലാന്‍ സന്നദ്ധരായവരുമായ വ്യക്തികളുടെ ഒരു പാനല്‍ ഡിവിഷണല്‍ ഫോറസ്‌റ്റ് ഓഫീസര്‍ അല്ലെങ്കില്‍ വൈല്‍ഡ് ലൈഫ് വാര്‍ഡൻ തയാറാക്കണം. ഈ ലിസ്‌റ്റിലുള്ളവര്‍ക്ക് മാത്രമേ പന്നിയെ വെടിവെക്കാന്‍ അധികാരമുള്ളു. എന്നാല്‍ ഇത്തരം ലിസ്‌റ്റ് കേരളത്തില്‍ എവിടെയെങ്കിലും ഉണ്ടോ എന്നത് വലിയ ചോദ്യമാണ്. കാട്ടില്‍ വച്ച് പന്നിയെ വെടിവെക്കരുതെന്നും നിബന്ധനയുണ്ട്. കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായെന്ന പരാതി അധികൃതരെ അറിയിക്കുമ്പോഴേക്കും പന്നിക്കൂട്ടം കാട് കയറിയിട്ടുണ്ടാകും. ഇത്തരത്തില്‍ നടപടികളുടെ കാലതാമസം നിയമത്തിന്‍റെ പ്രസക്‌തി തന്നെ ഇല്ലാതാക്കും. കൃഷി നാശത്തെ കുറിച്ചുള്ള പരാതികള്‍ വ്യാപകമാകുമ്പോൾ വനംവകുപ്പ് ഉയരത്തില്‍ വൈദ്യുതി കമ്പിവേലി കെട്ടും. ഇത് ഒരു പരിധിവരെ ആനകൾ നാട്ടിലിറങ്ങുന്നത് തടയും. പക്ഷേ പന്നികളെ തടയാനാകില്ല. അപ്പോഴും കൃഷി നാശം തുടരും. വായ്പയെടുത്തും പലിശയായും പണം കണ്ടെത്തി കൃഷിയിറക്കുന്ന കർഷകന്‍റെ വേദന ആരും അറിയുന്നില്ല. രാഷ്ട്രീയ പാർട്ടികളും കർഷക സംരക്ഷണ മുന്നണികളും കൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യവുമായി സമരരംഗത്തുണ്ട്. പക്ഷേ ജീവൻ നഷ്ടമായതിന്‍റെ നഷ്ടം ആര് നികത്തുമെന്നാണ് കർഷക കുടുംബങ്ങൾ ചോദിക്കുന്നത്. വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് സ്ഥിരം സംഭവമായതോടെ കൃഷി ഉപേക്ഷിച്ചവർ നിരവധിയാണ്.

സ്വന്തം കൃഷിഭൂമിയും അതിലുണ്ടാകുന്ന വിളകളും സംരക്ഷിക്കേണ്ട അവകാശം കർഷകർക്കുണ്ട്. പക്ഷേ അതിന്‍റെ പേരിൽ വന്യജീവികളെ ഉന്മൂലനം ചെയ്യാനുള്ള അവകാശം കർഷകർക്ക് നൽകിയാൽ അത് ഏതൊക്കെ വിധത്തിൽ ദുരുപയോഗം ചെയ്യപ്പെടാമെന്ന സാധ്യതകളെക്കുറിച്ചാണ് പരിസ്ഥിതി പ്രവർത്തകർ ആശങ്കപ്പെടുന്നത്.

നഷ്ടപ്പെടുന്ന മനുഷ്യജീവന്‍റെ കണക്കില്‍ ആരും ആശങ്കപ്പെടുന്നില്ലെന്ന് കർഷകർ പറയുമ്പോൾ സർക്കാരും പരിസ്ഥിതി വാദികളും അതേ കുറിച്ച് മൗനം പാലിക്കുകയാണ്. അമ്പലപ്പാറയില്‍ ആന കൊല്ലപ്പെട്ടപ്പോൾ വേദനിച്ചവർ കേരളത്തിലെ പാലക്കാട് ജില്ലയില്‍ മാത്രം കഴിഞ്ഞ വർഷം 30തിലധികം പേരാണ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന കണക്കിനെ കുറിച്ച് വിലപിക്കുന്നില്ലെന്നാണ് കർഷകർ പറയുന്നത്.

ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ പഞ്ചായത്തിൽ മാത്രം പത്തിലധികം പേർ കഴിഞ്ഞവർഷം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ ഇരുപതോളം പേരാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതൊരു ചെറിയ കണക്ക് മാത്രമാണ്.

കർഷകന്‍റെ അധ്വാനത്തെ ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തിന് മുന്നിൽ കയ്യും കെട്ടി നോക്കി നിൽക്കണോ, അതോ കാടിറങ്ങി വരുന്ന വന്യജീവികളെ കൊന്നൊടുക്കണോ എന്ന കാര്യത്തില്‍ ഇനിയും ആർക്കും വ്യക്തത വന്നിട്ടില്ല. വന്യമൃഗങ്ങളെ അവയുടെ ആവാസ കേന്ദ്രത്തിൽ മാത്രം കഴിയാൻ അനുവദിക്കുക, എന്ന വാദം എക്കാലത്തും പ്രസക്തിയുള്ളതാണ്. പക്ഷേ വർഷം തോറും സ്വാഭാവിക വനം നഷ്ടമാകുന്നതും പ്രകൃതി ചൂഷണവും കാലാവസ്ഥാ വ്യതിയാനവും ഭക്ഷണവും വെള്ളവും ലഭ്യമാകാത്ത അവസ്ഥയുമുള്ളപ്പോൾ വന്യമൃഗങ്ങൾക്ക് അവയുടെ ആവാസ കേന്ദ്രത്തില്‍ കഴിയുക എന്നത് പ്രായോഗികമല്ലെന്ന വാദവുമുണ്ട്. വനാതിർത്തികളില്‍ കൃത്യമായ നിരീക്ഷണം, കമ്പിവേലി, കിടങ്ങുകൾ അടക്കം സാധ്യമായ എല്ലാ പ്രതിരോധ മാർഗ്ഗങ്ങളും സ്വീകരിക്കാൻ വനംവകുപ്പ് തയ്യാറാകേണ്ടതുണ്ട്. അതോടൊപ്പം കാടുകയറുന്ന നായാട്ട് സംഘങ്ങളെ കർശനമായി നേരിടാനും വനംവകുപ്പിന് കഴിയണം. കാട് ഭൂമിയുടെ ജീവനാണ്. അത് ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്ക് ഏത് വിധേനെയും തടയിടണം. മനുഷ്യരെ പോലെ തന്നെ മറ്റ് ജീവജാലങ്ങൾക്കും ഭൂമി തുല്യമായി അവകാശപ്പെട്ടതാണ്. നിലവിലുള്ള നമ്മുടെ വനനിയമങ്ങൾ കർശനമാണ്. അവ കൂടുതൽ കൃത്യമായും കാര്യക്ഷമതയോടെയും അഴിമതി രഹിതമായും നടപ്പിലാക്കുകയും ചെയ്‌താല്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ തടയിടാനാകുമെന്നാണ് കർഷകരും പരിസ്ഥിതി സംരക്ഷകരും ഒരു പോലെ പറയുന്നത്.

Last Updated : Jun 12, 2020, 2:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.